Latest Videos

ഷെഹലയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി

By Web TeamFirst Published Nov 23, 2019, 1:16 PM IST
Highlights

പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് ഷെഹല ഷെറിന്റെ വീട്ടിലെത്തിയത്.

ബത്തേരി: ഷെഹല ഷെറിന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ്. കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷെഹലയുടെ കുടുംബത്തിന് ഉറപ്പ് നൽകി. സർവജന ഹൈസ്കൂളിന്‍റെ നവീകരണത്തിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ഷെഹല ഷെറിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 
 
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് ഷെഹല ഷെറിന്റെ വീട്ടിലെത്തിയത്. കൃഷി മന്ത്രി വി.എസ് സുനിൽ കുമാറും ഒപ്പമുണ്ടായിരുന്നു. ഷെഹലയുടെ പിതാവ് അബ്ദുൾ അസീസിനെ ചേർത്തു നിർത്തിയാണ് അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് മന്ത്രി മാപ്പ് ചോദിച്ചത്. 

വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ മന്ത്രി കുടുംബാംഗങ്ങളെയും ജനപ്രതിനിധികളെയും അറിയിച്ചു. തുടർന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി, സർവജന സ്കൂളിന്  പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചു.  തുടർന്ന് സർവജന സ്കൂൾ സന്ദർശിക്കാനായി മന്ത്രി എത്തിയപ്പോഴേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധമുയർത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മന്ത്രി സ്കൂൾ സന്ദർശിച്ചത്. 

കൽപ്പറ്റയിലും ബത്തേരിയിലും യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി . കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് വയനാട് കളക്ടറേറ്റിeക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. കൂടുതൽ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് സർവജന സ്കൂളിന് മുന്നിൽ ഇന്നും ഒരു വിഭാഗം കുട്ടികൾ കുത്തിയിരുന്ന്   പ്രതിക്ഷേധിച്ചു. 

അതിനിടെ ഷെഹലയുടെ കുടുംബത്തിന് സർക്കാർ   10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും ഈ തുക ആരോപണവിധേയരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണമെന്നും ബാലാന്നാശ കമ്മീഷൻ ചെയർമാൻ  പി സുരേഷ് ആവശ്യപ്പെട്ടു.

click me!