
പത്തനംതിട്ട: നാലാം ക്ലാസുകാരനെ ലഹരി നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പിടികൂടിയത് എങ്ങനെയെന്ന് വിവരിച്ച് എക്‌സൈസ്. പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വില്‍സണ്‍ എന്ന യുവാവിന് 73 വര്‍ഷം കഠിന തടവ് വിധിച്ച കേസിനെ കുറിച്ചാണ് എക്‌സൈസിന്റെ വെളിപ്പെടുത്തല്‍. സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനോടാണ് 13 വയസുകാരന്‍, വില്‍സണ്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉടന്‍ വിവരം കൊടുമണ്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ആരംഭിച്ച അന്വേഷണത്തില്‍ കുട്ടി പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യപ്പെടുകയും വില്‍സണിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.
എക്‌സൈസ് കുറിപ്പ്: പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെ അടൂര്‍ അതിവേഗ കോടതി 73 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഈ വാര്‍ത്തയ്ക്ക് പിന്നില്‍ ഒരു ചെറിയ കഥയുണ്ട്. അതാണ് പറയാന്‍ പോകുന്നത്. പത്തനംതിട്ട അടൂരില്‍ ആണ് സംഭവം നടന്നത്. സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനോട് ഒരു 13 വയസ്സുകാരന്‍ മനസ്സ് തുറന്നു. താന്‍ ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണെന്നും അത് തനിക്ക് തന്നയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.
അന്ന് അടൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസില്‍ ജോലി ചെയ്തിരുന്ന, നിലവില്‍ തിരുവല്ല എക്‌സൈസ് റേഞ്ച് ഓഫീസില്‍ ജോലി ചെയ്യുന്ന ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ എം കെ വേണുഗോപാല്‍ ആയിരുന്നു ആ ഉദ്യോഗസ്ഥന്‍. പൊതുവെ കുട്ടികള്‍ക്ക് കാക്കി യൂണിഫോം ധരിച്ചവരെ ഭയമാണ്. നമ്മള്‍ എത്ര അടുപ്പം കാണിച്ചാലും അവര്‍ ഒന്ന് അകന്ന് നില്‍ക്കും. കുട്ടിക്കാലത്തു അവര്‍ക്ക് ഊണ് കൊടുക്കാനും മറ്റും കഴിച്ചില്ലെങ്കില്‍ പോലീസ് വന്നു പിടിച്ചോണ്ട് പോകും എന്ന് പറഞ്ഞു അമ്മമാര്‍ പേടിപ്പിക്കാറുണ്ടല്ലോ അതിന്റെ പരിണിത ഫലമാകാം. ഏതായാലും അവന്‍ അത് എക്‌സൈസ് മാമനോട് പറയാന്‍ ധൈര്യപ്പെട്ടു.
നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് സമീപത്തുള്ള ആളില്ലാത്ത വീടിന്റെ ശുചിമുറിയില്‍ കൊണ്ടുപോയാണ് അയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. ലഹരി മരുന്ന് നല്‍കിയാണ് പ്രതി പീഡനത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. മൂന്ന് വര്‍ഷത്തോളം ഇത് തുടര്‍ന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വേണുഗോപാല്‍ ഇത് കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ SHO യെ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയപ്പോള്‍ കുട്ടി പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യപ്പെട്ടു. പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വില്‍സണ്‍ എന്നയാളെ പോലീസ് കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വേണുഗോപാല്‍ പ്രധാന സാക്ഷിയായ ആ കേസിന്റെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ശ്രീ. എം കെ വേണുഗോപാലിന് അഭിനന്ദനങ്ങള്‍.
തിരുത്തല്‍ നടപടികളുമായി കെഎസ്ആര്‍ടിസി; തീരുമാനം ഗണേഷ് കുമാറിന്റെ നിര്‍ദേശത്തിന് പിന്നാലെ