അതിശക്തമായ മഴ; കണ്ണൂരിലും അവധി, ആകെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Published : Dec 02, 2024, 06:07 AM ISTUpdated : Dec 02, 2024, 06:08 AM IST
അതിശക്തമായ മഴ; കണ്ണൂരിലും അവധി, ആകെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Synopsis

കനത്ത മഴയെ തുടര്‍ന്ന് വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് കണ്ണൂര്‍ ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. 

തിരുവനന്തപുരം: അതിശക്തമായ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചയൊണ് കണ്ണൂരിൽ അവധി പ്രഖ്യാപിച്ചത്. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ, മദ്റസകൾ, കിൻഡർ​ഗാർട്ടൻ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.  വയനാട് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധിയില്ല. കോട്ടയത്തും കണ്ണൂരും മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ഇടുക്കിയിൽ പൂർണ്ണമായും റെസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ല.

അതേസമയം, സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലയിൽ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.


ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാൾവരെ നിരോധിച്ചു. എറണാകുളം ജില്ലയിൽ മറ്റന്നാൾ വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത കളക്ടർമാരുടെ യോഗം മഴകാരണം മാറ്റിവച്ചു.

വളപട്ടണം കവര്‍ച്ച: പ്രതി പിടിയിൽ, അറസ്റ്റിലായത് വീട്ടുടമസ്ഥന്‍റെ അയൽവാസി, പണവും സ്വര്‍ണവും കണ്ടെടുത്തു

 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം