
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറിക്കടക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് പുറമെ സംസ്ഥാനങ്ങൾക്ക് കൊവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്ന് ശതമാനം വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ കേരളത്തിനുള്ള വിഹിതം വർധിപ്പിക്കുക, ദേശീയ ആരോഗ്യ മിഷൻ ചെലവ് 100 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷന്റെ പ്രവർത്തനത്തിലെ ചെലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് ഇപ്പോൾ വഹിക്കുന്നത്.
ഇതിന് പുറമെ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസർക്കാരിൽ നിന്ന് സാങ്കേതിക അനുമതി ലഭിക്കേണ്ടതായുണ്ട്. പ്രതിപക്ഷ നിലപാട് തിരിച്ചടിയാകാനുള്ള സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമെ പ്രവാസികൾക്കായി പ്രത്യേക സാമ്പത്തിക പദ്ധതികൾ ആവിഷ്കരിക്കണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലമാക്കണം തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam