
തിരുവനന്തപുരം: അന്തരിച്ച ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്‍റ്റ്‍ലിയെ അനുസ്മരിച്ച് ധനമന്ത്രി തോമസ് ഐസക്. പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്‍റ്റ്‍ലിയെന്നും അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപി നേതൃനിരയിൽ ജെയ്‍റ്റ്‍ലി ആശ്വാസമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
'രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജെയ്‍റ്റ്‍ലിയെപ്പോലെ ക്രിയാത്മക നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാട്. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ജനാധിപത്യപരമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്ന നേതാവായിരുന്നു അദ്ദേഹം'. അദ്ദേഹത്തിന്‍റെ ശൈലിയും നിലപാടും എതിരാളികളുടെയെല്ലാം അംഗീകാരം നേടിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലി. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളിൽ വ്യത്യസ്തൻ. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം എപ്പോഴും ചെവി കൊടുത്തിരുന്നു. അവയ്ക്കൊക്കെ ജനാധിപത്യപരമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ജിഎസ്ടി കൌൺസിലിൽ ഞാൻ നേരിട്ടു മനസിലാക്കിയിരുന്നു.
അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയിൽ അരുൺ ജെയ്റ്റ്ലി ഒരാശ്വാസമായിരുന്നു. പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല. സഭയിലെ ഡിബേറ്റുകളിൽ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടിയിരുന്നു. സീതാറാം യെച്ചൂരിയുടെയും പി രാജീവിന്റെയും പാർലമെന്ററി പ്രവർത്തനങ്ങളെ എത്ര ഔന്നിത്യത്തിലാണ് അദ്ദേഹം കണ്ടത് എന്ന് രാജ്യസഭയിൽ നിന്ന് അവർ പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗങ്ങളിൽ രാജ്യം ദർശിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോഴും രാഷ്ട്രീയഭൂരിപക്ഷത്തിന്റെ അംഗബലത്തിലല്ല അദ്ദേഹം വിശ്വസിച്ചത്.
ലോട്ടറിയുടെ നികുതി നിരക്ക് തീരുമാനിച്ചത് ഉദാഹരണം. പല ബിജെപി നേതാക്കളുടെയും താൽപര്യത്തിനു വിരുദ്ധമായ തീരുമാനമായിരുന്നു ജിഎസ്ടി കൌൺസിൽ കൈക്കൊണ്ടത്. സമവായത്തിന് പ്രാധാന്യം നൽകിയ ജെയ്റ്റ്ലിയുടെ നിലപാടു മൂലമാണ് ആ തീരുമാനമുണ്ടായത്. വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതുവരെ കാണാത്ത സാമ്പത്തികമാന്ദ്യത്തിലേയ്ക്കാണ് നാം നീങ്ങുന്നത്. ജെയ്റ്റ്ലിയെപ്പോലെ ക്രിയാത്മക നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാട്. ആ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam