
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാർത്താക്കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ഇതടക്കം എട്ട് പേർക്കാണ് ഇന്ന് കേരളത്തിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ച നാല് പേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. ദുബൈയിൽ നിന്ന് വന്ന മറ്റൊരാൾക്കും ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദില്ലിയില്‍ നിന്ന് വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാല് പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
ലോകത്തെ 207 രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam