'മഹ'യുടെ പ്രഭാവത്തില്‍ നിന്ന് കേരളം ഒഴിവായി; പ്രക്ഷുബ്ധമായ കടല്‍ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Nov 4, 2019, 8:37 PM IST
Highlights
  • മഹ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ നിന്ന് കേരളം ഒഴിവായി. മഹ അടുത്ത ദിവസങ്ങളില്‍ ശക്തി കുറഞ്ഞാകും ഗുജറാത്ത് തീരത്ത് പ്രവേശിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

തിരുവനന്തപുരം: മഹ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ നിന്ന് കേരളം ഒഴിവായി. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെടുന്ന മഹ അടുത്ത ദിവസങ്ങളില്‍ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റ് മാത്രമായാകും ഗുജറാത്ത് തീരത്ത് പ്രവേശിക്കുന്നതെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. പ്രക്ഷുബ്ധമായ കടല്‍ മേഖലകളില്‍ പോകുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.  

'അതിതീവ്ര ചുഴലിക്കാറ്റ് (Extremely Severe Cyclonic Storm)എന്നത് സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത 167 കിമീ മുതൽ 221 കിമീ വരെയുള്ള ഘട്ടമാണ്. ചുഴലിക്കാറ്റ് (Cyclonic Storm) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 മുതൽ 88 കിമീ വരെ വേഗതയുള്ള സിസ്റ്റങ്ങളെയാണ്. നിലവിലെ അനുമാനപ്രകാരം മഹ ഗുജറാത്ത് തീരം തൊടുമ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയുണ്ടാകാനിടയുണ്ട്'- കുറിപ്പില്‍ പറയുന്നു.

ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

'മഹ' ചുഴലിക്കാറ്റ് (MAHA Extremely Severe Cyclonic Storm)- അപ്‌ഡേറ്റ്

ഗുജറാത്ത് തീരത്തിന് സൈക്ലോൺ അലേർട്ട്

പുറപ്പെടുവിച്ച സമയം: 6 PM 11/11/2019

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് സിസ്റ്റം മണിക്കൂറിൽ 12 കിമീ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി മധ്യ-പടിഞ്ഞാറൻ അറബിക്കടലിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

2019 നവംബർ 4 ന് വൈകീട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം നിലവിൽ 18.7°N അക്ഷാംശത്തിലും 64.4°E രേഖാംശത്തിലും ഗുജറാത്തിലെ വെരാവൽ തീരത്ത് നിന്ന് 690 കിമീ ദൂരത്തിലും ദിയുവിൽ നിന്ന് തെക്ക്-പടിഞ്ഞാറായി 740 കിമീ ദൂരത്തിലും ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് തെക്ക്-പടിഞ്ഞാറ് ദിശയിൽ 660 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. നവംബർ 5 രാവിലെ വരെ ചുഴലിക്കാറ്റ് ശക്തി കൂടിക്കൊണ്ടിരിക്കുകയും അതിന് ശേഷം ക്രമേണയായി ശക്തി കുറയാനും തുടങ്ങും. അടുത്ത 18 മണിക്കൂറിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിസ്റ്റം ശേഷം ദിശ തിരിഞ്ഞു (Re-curve) വടക്കുകിഴക്ക് ദിശയിൽ അതിവേഗം സഞ്ചരിച്ച് നവംബർ 7 ന് പുലർച്ചെയോട് കൂടി ദിയുവിനും പോർബന്ദറിനും ഇടയിലൂടെ ഗുജറാത്ത് തീരത്ത് പ്രവേശിക്കുമെന്ന് (Landfall) പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ അതിതീവ്ര (Extremely Severe Cyclonic Storm) ചുഴലിക്കാറ്റ് വിഭാഗത്തിൽ പെടുന്ന 'മഹ' അടുത്ത ദിവസങ്ങളിൽ ശക്തി കുറഞ്ഞു ഒരു ചുഴലിക്കാറ്റ് (Cyclonic Storm) മാത്രമായിട്ടായിരിക്കും ഗുജറാത്ത് തീരത്ത് പ്രവേശിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

അതിതീവ്ര ചുഴലിക്കാറ്റ് (Extremely Severe Cyclonic Storm) എന്നത് സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത 167 കിമീ മുതൽ 221 കിമീ വരെയുള്ള ഘട്ടമാണ്. ചുഴലിക്കാറ്റ് (Cyclonic Storm) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 മുതൽ 88 കിമീ വരെ വേഗതയുള്ള സിസ്റ്റങ്ങളെയാണ്. നിലവിലെ അനുമാനപ്രകാരം മഹ ഗുജറാത്ത് തീരം തൊടുമ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയുണ്ടാകാനിടയുണ്ട്.

മഹാചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നിന്ന് കേരളം ഒഴിവായിരിക്കുന്നു. പ്രക്ഷുബ്ധമായ കടൽ മേഖലകൾ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ള കടൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

click me!