ബലാത്സം​ഗ കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

By Web TeamFirst Published Jun 16, 2020, 3:52 PM IST
Highlights

 രഹസ്യമൊഴികളും തെളിവുകളും ബിഷപ്പിന് എതിരാണ്. ബിഷപ് വിടുതൽ ഹർജി നൽകിയത് കേസ് നീട്ടിക്കൊണ്ടുപോകാനാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
 

കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രഹസ്യമൊഴികളും തെളിവുകളും ബിഷപ്പിന് എതിരാണ്. ബിഷപ് വിടുതൽ ഹർജി നൽകിയത് കേസ് നീട്ടിക്കൊണ്ടുപോകാനാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി നടപടി ചോദ്യം ചെയ്ത് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച റിവിഷൻ ഹർജി പരി​ഗണിക്കവെയായിരുന്നു ഹൈക്കോടതി. കേസ് വിശദമായ വാദത്തിനായി മാറ്റി. ഈ മാസം 26ന് ഹർജി വീണ്ടും പരി​ഗണിക്കും. കേസിൽ കക്ഷി ചേരാൻ പരാതിക്കാരിയായ കന്യാസ്ത്രീയും അപേക്ഷ നൽകിയിട്ടുണ്ട്. 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിടുതല്‍ ഹര്‍ജിയിലെ വാദം. ഇതിനാല്‍ വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാണ് ഫ്രാങ്കോ കോടതിയെ സമീപിച്ചത്. എന്നാൽ, കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.

2018 ജൂൺ 26 നാണ് കുറവിലങ്ങാട് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് 25 ദിവസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. 

Read Also: 'അതിർത്തിയിൽ ചൈനയ്ക്ക് മറ്റെന്തോ ലക്ഷ്യമുണ്ട്, നയതന്ത്ര ഇടപെടൽ വേണം', എ കെ ആന്‍റണി...
 

click me!