ദില്ലി: ഇന്ത്യ - ചൈന അതിർത്തിയിൽ മൂന്ന് സൈനികരുടെ വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞ പശ്ചാത്തലത്തിൽ സൈനികചർച്ചയല്ല, ഇനി നയതന്ത്രചർച്ച തന്നെ അനിവാര്യമാണെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്‍റണി. ചൈനയ്ക്ക് അതിർത്തിരേഖ സംബന്ധിച്ചുള്ള വെറും തർക്കം മാത്രമല്ല ഉള്ളത്. ഇത്തരം സംഘർഷം ഈ സമയത്ത് സൃഷ്ടിക്കുന്നതിലൂടെ ചൈനയ്ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് എ കെ ആന്‍റണി ചൂണ്ടിക്കാട്ടുന്നത്.

അതെന്താണ് എന്ന് താനിപ്പോൾ ഉറപ്പിച്ച് പറയുന്നില്ലെന്നും, പക്ഷേ, ഇനി സൈനികതലചർച്ചയ്ക്ക് ഒപ്പം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും അടക്കം ഇടപെട്ട് ഉന്നതതലചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയേ തീരൂ എന്നും എ കെ ആന്‍റണി വ്യക്തമാക്കുന്നു. 

ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബു, മറ്റ് രണ്ട് സൈനികർ എന്നിവർക്കാണ് ജീവൻ നഷ്ടമായത് എന്നാണ് വിവരം വരുന്നത്. 

പാങ്ഗോങ് തടാകത്തിനടുത്ത് കഴിഞ്ഞ ഏപ്രിൽ മുതൽ ചൈന അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശം കൈയേറുന്നതിന് പിന്നിൽ റോഡ് നിർമാണം സംബന്ധിച്ചുള്ള തർക്കം മാത്രമല്ലെന്നാണ് എ കെ ആന്‍റണിയുടെ വിലയിരുത്തൽ. ''ചൈനയുടെ പ്രകോപനം റോഡ് നിർമാണത്തെച്ചൊല്ലി മാത്രമല്ല. മറ്റെന്തോ ലക്ഷ്യം ചൈനയ്ക്കുണ്ട്. ഉന്നതതലചർച്ച നടക്കുന്നതിന് മുമ്പ്, ഇന്ത്യൻ അതിർത്തിയിൽ നിന്ന് ചൈന പിൻമാറുന്നുവെന്നും കേന്ദ്രസർക്കാർ ഉറപ്പാക്കണം. തൽസ്ഥിതി ഉറപ്പാക്കൽ, അഥവാ, ഈ പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ് ചൈനീസ് സൈന്യം അതിർത്തിയിൽ എവിടെയാണോ ഉണ്ടായിരുന്നത് അവിടേക്ക് മാറിയാൽ മാത്രമേ ഫലപ്രദമായ ചർച്ച നടക്കൂ. നിലവിൽ ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി കൈയേറി അകത്തേക്ക് കടന്നിരിക്കുകയാണ്. 

1975-ന് ശേഷവും ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷാത്മകമായ സാഹചര്യമുണ്ടായിട്ടുണ്ട്. ഉന്തും തള്ളുമുണ്ടായിട്ടുണ്ട്. ചെറിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും ജീവഹാനിയുണ്ടായിട്ടില്ല. അതിനാൽ രാജ്യത്തെ വിശ്വാസത്തിലെടുത്ത് പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ പ്രതിരോധമന്ത്രിയോ രാജ്യത്തോട് അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കണം. എന്താണവിടത്തെ സ്ഥിതി എന്ന് തുറന്ന് പറയണം. സൈനികതലചർച്ചയിൽ മാത്രം പ്രശ്നപരിഹാരമുണ്ടാകില്ല. അതിനാൽ ഇരുരാജ്യങ്ങളും തമ്മിൽ ഭരണ, നയതന്ത്രതലത്തിൽ ഉടനടി ചർച്ചകളുണ്ടായേ തീരൂ'', എന്ന് എ കെ ആന്‍റണി വ്യക്തമാക്കുന്നു.

എല്ലാ തത്സമയവിവരങ്ങൾക്കും: