വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു

By Web TeamFirst Published Dec 29, 2020, 10:43 AM IST
Highlights

തിരുവോണത്തലേന്നായിരുന്നു ബൈക്കിലെത്തിയ സംഘം ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. മുരുക്കുംപുഴ വിജയകുമാറിനെയാണ് നിയമിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കും. ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം പറയുന്നു. പ്രതികളായ ഒൻപത് പേർക്കെതിരെ പൊലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവർ പ്രധാന പ്രതികളാണ്. പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ തുടങ്ങിയ കൈയാങ്കളിയിൽ നിന്നാണ് വൈരാഗ്യം തുടങ്ങിയത്. 

തിരുവോണത്തലേന്നായിരുന്നു ബൈക്കിലെത്തിയ സംഘം ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നത്. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്.വൈ.സുരേഷാണ് കുറ്റപത്രം നൽകിയത്. കൊലപാതക കേസിലെ കുറ്റപത്രമാണ് നൽകിയത്. ഗൂഡാലോചന കേസ് അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്നായിരുന്നു ആദ്യഘട്ടം മുതൽ കോൺഗ്രസ് നിലപാടെടുത്തത്. 

പെട്ടെന്നുളള പ്രകോപനത്തില്‍ ഉണ്ടായ കൊലപാതകം എന്നായിരുന്നു പ്രതികളും മൊഴി നൽകിയത്. എന്നാൽ അക്രമം ആസൂത്രിതമാണോ, പുറത്തു നിന്ന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ അടൂര്‍ പ്രകാശ് എംപിയെ വിളിച്ചിരുന്നെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

click me!