
കൊച്ചി: കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രം വാക്സീന്റെ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് സംസ്ഥാനത്തിന്റെ ആരോപണം. ന്യായവിലയ്ക്ക് വാക്സീൻ നൽകാൻ കേന്ദ്രത്തിന് കഴിയുന്നില്ലെന്ന് കേരളം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രനയം വാക്സീന് വ്യത്യസ്ത വിലക്ക് കാരണമാകുന്നുവെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ കൊവിഡ് വാക്സീന്‍റെ ലഭ്യതക്കുറവ് ചോദ്യം ചെയ്തുളള പൊതു താൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വകാര്യ ആശുപത്രികൾ കൂട്ടത്തോടെ വാക്സീൻ വാങ്ങുന്നതാണ് ക്ഷാമത്തിന് കാരണമെന്ന് ഹർജിക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണെന്നായിരുന്നു ഇതിന് സംസ്ഥാന സർക്കാരിന്‍റെ മറുപടി. വിചിത്രമായ കേന്ദ്ര നയങ്ങളെത്തുടർന്ന് പല വിലയ്ക്കാണ് വാക്സിൻ വിൽക്കുന്നത്. ന്യായവിലയ്ക്ക് സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും കേരളം കുറ്റപ്പെടുത്തി.
സർക്കാരിന് കിട്ടാത്ത വാക്സീൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് കിട്ടുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ സംശയം. സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ വിതരണത്തിന്‍റെ കുത്തകാവകാശം നൽകരുതെന്നും കോടതി പരാമർശിച്ചു. വാക്സീൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശപത്രികൾ വാങ്ങുന്ന വിലയ്ക്ക് വാക്സീൻ വാങ്ങാൻ സംസ്ഥാനം തയ്യാറാണോയെന്ന് കോടതി ചോദിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല എന്നായിരുന്നു സംസ്ഥാനത്തിന്‍റെ മറുപടി.
വാക്സീൻ ലഭ്യത സംബന്ധിച്ച് നിലപാടറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതിനിടെ കൊവിഡ് വാക്സീൻ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കി. വാക്സീൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണെന്ന് പ്രമേയം അവതരിപ്പിച്ച് ആരോഗ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ മരുന്നുകമ്പനികൾക്ക് വാക്സീൻ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam