രാത്രി ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചതിന് അനുനയിപ്പിക്കാനെത്തിയ പൊതുപ്രവർത്തകനെ മർദിച്ച നെയ്യാറ്റിൻകര സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: രാത്രി ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചതിന് അനുനയിപ്പിക്കാനെത്തിയ പൊതുപ്രവർത്തകനെ മർദിച്ച നെയ്യാറ്റിൻകര സ്വദേശി അറസ്റ്റിൽ. ചെങ്കൽ കോയിക്കൽ സൂരജിനെ മർദ്ദിച്ച കേസിൽ നെയ്യാറ്റിൻകര ഫോർട്ട് സ്വദേശി ജയകൃഷ്‌ണനെയാണ് പൊലീസ് പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് ജയകൃഷ്‌ണൻ ചെങ്കലിന് സമീപമുള്ള ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ഇതോടെ വീട്ടുകാർ ബന്ധപ്പെട്ടതനുസരിച്ച് പാറശാല പൊലീസും സ്ഥലത്തെത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ സൂരജ് കുമാറിനോട് ജയകൃഷ്ണനെ നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിക്കാൻ പൊലീസ് ആണ് നിർദേശിച്ചത്. ഇത് പ്രകാരം സൂരജ് തന്‍റെ ബൈക്കിൽ ഇയാളെ വീട്ടിലെത്തിച്ച ശേഷം മടങ്ങി.
പിന്നാലെ വീണ്ടും സ്ഥലത്തെത്തി ഇയാൾ ബഹളം വച്ച വിവരം അറിഞ്ഞെത്തിയപ്പോൾ പൊലീസിന്‍റെ അഭ്യർഥന പ്രകാരം വീണ്ടും ഇയാളെ വീട്ടിലെത്തിക്കാൻ പോയ സൂരജിനെ ജയകൃഷ്ണൻ കോവിലിനടുത്തുവച്ച് മർദിക്കുകയായിരുന്നു. ജയകൃഷ്ണൻ സൂരജിന്‍റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ഇത് തറയിലെറിഞ്ഞ് നശിപ്പിച്ച ശേഷം വലിച്ച് താഴെയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് സൂരജിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമിച്ചശേഷം ഒളിവിൽപ്പോയ സ്വകാര്യ സ്കൂൾ ജീവനക്കാരൻ കൂടിയായ ജയകൃഷ്‌ണനെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര, പാറശാല സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ക്രിമനൽ കേസുകളുണ്ടെന്നാണ് വിവരം.



