സിൽവർ ലൈൻ സർവേ തുടരാം, ഡിപിആർ തയ്യാറാക്കിയ വിവരവും വേണ്ട: ഹൈക്കോടതി

Published : Feb 14, 2022, 11:05 AM ISTUpdated : Feb 14, 2022, 11:07 AM IST
സിൽവർ ലൈൻ സർവേ തുടരാം, ഡിപിആർ തയ്യാറാക്കിയ വിവരവും വേണ്ട: ഹൈക്കോടതി

Synopsis

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതിച്ചെലവ് കുത്തനെ കൂട്ടാൻ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. 

കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ (ഡീറ്റേയ്‍ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി. ഇതോടെ, സിൽവർ ലൈൻ സർവേ തുടരാനുള്ള സർക്കാരിന് മുന്നിലെ നിയമതടസ്സം നീങ്ങുകയാണ്. 

എന്നാൽ സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ ഇനി നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റയിൽ വിരുദ്ധസമരസമിതിയും പറയുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സർക്കാർ വാദങ്ങൾ കണക്കിലെടുക്കാതെ ഏകപക്ഷീയമാണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതിച്ചെലവ് കുത്തനെ കൂട്ടാൻ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. 

എന്നാല്‍ പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളിൽ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍  അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. 

നേരത്തേ സാമൂഹികാഘാത സർവേ നടത്തുന്നതിന് സർക്കാരിന് മുന്നിൽ നിയമപരമായ തടസ്സമൊന്നുമില്ലെന്ന് സർക്കാർ അപ്പീലിൽ വാദം കേൾക്കവേ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവേ ആന്‍റ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ ഡിപിആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് റെയിൽവേ സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചത്. 

റെയിൽവേ സത്യവാങ്മൂലത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ് - തത്വത്തിലുള്ള അനുമതി ഡിപിആർ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ക്കായി മാത്രമാണ്. ഡിപിആര്‍ ഇപ്പോഴും റെയില്‍വേ ബോര്‍ഡിന്‍റെ പരിഗണനയിലാണ്.

ഡിപിആറിന് അനുമതി നൽകാത്തതിനാൽ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ല. അലൈന്‍മെന്‍റ് പ്ലാന്‍ ഉൾപ്പടെ വിശദമായ സാങ്കേതിക സാധ്യതാപഠനറിപ്പോര്‍ട്ട് നല്‍കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്