വന്യ ജീവി സങ്കേതങ്ങളുടെ ബഫർ സോൺ പ്രശ്നം; സംസ്ഥാന സർക്കാർ ഇടപെടുന്നു, ഉന്നതതല യോ​ഗം വിളിച്ച് വനം മന്ത്രി

By Web TeamFirst Published Sep 26, 2020, 11:23 AM IST
Highlights

ഒരു കിലോ മീറ്ററിനുള്ളിൽ ജനവാസ മേഖലകൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. ഇത് സംബന്ധിച്ച് തിങ്കളാഴ്ച ഉന്നത തല ഉദ്യോഗസ്ഥ  യോഗം വിളിക്കും.

കോഴിക്കോട്: വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുളള ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഉന്നത തല യോഗം ചേരും. 

സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോ മീറ്റർ ബഫര്‍സോണാക്കാമെന്ന നിര്‍ദ്ദശത്തിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ ഒരുങ്ങുന്നത്. കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ജനവാസമേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്നും അതുവരെ അന്തിമ വിജ്ഞാപനം ഇറക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ ജനവാസമേഖലകള്‍ കാര്യമായി ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നിരിക്കെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, സംരക്ഷിത വനമേഖലകൾ എന്നിവയ്ക്കു സംരക്ഷണ കവചം ഒരുക്കുകയാണു കേന്ദ്രസർക്കാർ പരിസ്ഥിതിലോലമേഖലാ വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പരിധി നിർണയിക്കുന്നത് ആകാശ ദൂരത്തിന്‍റെ അടിസ്ഥാനത്തിലായാൽ വലിയ പ്രതിസന്ഥി ഉണ്ടാവുമെന്നാണ് കർഷക സംഘടനകളുടെ പരാതി.  

അതിനിടെ, കോഴിക്കോട്ട് സമരം ചെയ്യുന്ന കര്‍ഷകരുമായി തീങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. അതിനിടെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ഈങ്ങാപുഴയില്‍ കോഴിക്കോട് വയനാട് പാത ഉപരോധിച്ചു. വന്യജീവിസങ്കേതത്തിലെ ഒരു കിലോമീറ്റർ വായു പരിധിയിൽ ബഫർ സോൺ ആകാനുള്ള വിജ്ഞാപനം സംബന്ധിച്ച് വനംമന്ത്രിയുമായി ചർച്ചയ്ക്ക് യുഡിഎഫ് തയ്യാറെന്ന്  ടി സിദ്ധിഖ് പറഞ്ഞു.  ഒരു കിലോമീറ്റർ വായുപരിധി എന്ന തീരുമാനം പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും വരെ സമരം തുടരുമെന്നും ടി സിദ്ധിഖ് പറഞ്ഞു.
 

click me!