പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് സിപിഐ; കടുത്ത അതൃപ്തി, ശക്തമായ പ്രതിഷേധം അറിയിക്കണമെന്ന് നേതാക്കൾ

Published : Oct 24, 2025, 06:57 AM ISTUpdated : Oct 24, 2025, 07:01 AM IST
PM SHri

Synopsis

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐ നിലപാട്.

തിരുവനന്തപുരം: പാർട്ടിയുടെ എതിർപ്പ് തള്ളി കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിയിൽ സിപിഐക്ക് കടുത്ത അമർഷം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത്. പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ പൊതുവികാരം. മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിക്കും. എൻഇപി നടപ്പാക്കില്ലെന്ന് ആവർത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം.

വിദ്യാഭ്യാസവകുപ്പ് നടപടിയിൽ പ്രതിഷേധിക്കാൻ എഐഎസ്എഫ് തീരുമാനിച്ചു. സർക്കാർ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തുറന്നടിച്ചത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ചതിനെതിരെ ഇന്ന് വ്യാപക പ്രതിഷേധത്തിനാണ് എംഎസ്എഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്, കാമ്പസ് തലങ്ങളിൽ പ്രതിഷേധ പ്രകടനത്തിനും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും എം.എസ്.എഫ്.സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആഹ്വാനം ചെയ്തു. അഴിമതിയിൽ മുങ്ങികുളിച്ച കുടുംബത്തെ രക്ഷിക്കാൻ കേരള ജനതയെ ഒറ്റുകയല്ലാതെ പിണറായി വിജയന് മറ്റുവഴികളില്ലെന്ന് പി കെ നവാസ് പറഞ്ഞു.കുറ്റകരമായ മൗനമാണ് ഈ ആർ.എസ്.എസ് ഡീലിന് മുന്നിൽ എസ്.എഫ്.ഐ ആചരിക്കുന്നത്. കേരള വിദ്യാർത്ഥി സമൂഹം എസ്.എഫ്.ഐ ക്ക് മാപ്പ് തരില്ലെന്നും നവാസ് പറഞ്ഞു. 

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം

സിപിഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെയാണ് കേരളം പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സിപിഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോൾ ചേർന്നിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു'; വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടി തീരുമാനിക്കുമെന്ന് പി രാജീവ്
'വിധി പഠിച്ച് തുടർനടപടി, പ്രോസിക്യൂഷന് വീഴ്ചയില്ല, അതിജീവിതക്കൊപ്പം സർക്കാർ നിൽക്കും': മന്ത്രി സജി ചെറിയാൻ