പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കിയിൽ, 2.20 കോടി അനുവദിച്ച് സർക്കാർ ഉത്തരവ്

Published : Aug 06, 2025, 04:21 PM ISTUpdated : Aug 06, 2025, 04:23 PM IST
Veena George

Synopsis

ഒപി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക. 

ഈ കെട്ടിടത്തില്‍ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഫര്‍ണിച്ചറിന് 29.01 ലക്ഷം രൂപയും, കമ്പ്യൂട്ടര്‍, ഓഫീസ് സ്റ്റേഷനറിയ്ക്ക് 4.09 ലക്ഷം രൂപയും, ഉപകരണങ്ങള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കും 64.54 ലക്ഷം രൂപയും, കണ്‍സ്യൂമബിള്‍സ്, കെമിക്കല്‍സ് എന്നിവയ്ക്ക് 22.70 ലക്ഷം രൂപയും ഉപകരണങ്ങള്‍ക്ക് 98.29 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എത്രയും വേഗം സജ്ജമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒപി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയുമാണ് ലക്ഷ്യമിടുന്നത്. 8 സ്പെഷ്യാലിറ്റി ഒപി വിഭാഗങ്ങളും അതോടനുബന്ധിച്ചുള്ള റിസെപ്ഷന്‍, രജിസ്ട്രേഷന്‍, അത്യാഹിത വിഭാഗം, ഡയഗ്‌നോസ്റ്റിക്‌സ് സോണ്‍, ക്രിയകല്‍പ, ഫിസിയോതെറാപ്പി, യോഗ, ഡിസ്പെന്‍സറി എന്നീ സൗകര്യങ്ങളൊരുക്കും. ഒന്നാം ഘട്ടത്തില്‍ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ടി വരുന്ന തസ്തികകളുടെ പ്രൊപോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇടുക്കിയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജ്. ഇവിടെ ആയുര്‍വേദ ചികിത്സയെ ആശ്രയിക്കുന്ന ധാരാളം പേര്‍ ആശ്രയിക്കുന്നുണ്ട്. ആയുര്‍വേദ മെഡിക്കല്‍ കോളേജ് സാധ്യമാകുന്നതോടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സകള്‍ ഇടുക്കിയില്‍ സാധ്യമാക്കാനാകും.

20.85 ഏക്കര്‍  സ്ഥലത്ത് മെഡിക്കല്‍ കോളേജ് കെട്ടിടം

ഇടുക്കി ഉടുമ്പന്‍ചോലയില്‍ മാട്ടുതാവളത്ത് മുന്‍ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ കണ്ടെത്തിയ 20.85 ഏക്കര്‍ വരുന്ന സ്ഥലത്താണ് മെഡിക്കല്‍ കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഈ കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനാണ് കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കുന്നത്.

ഇടുക്കി വികസന പാക്കേജില്‍ 2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ച 10 കോടി ഉപയോഗിച്ചുള്ള ആശുപത്രി ഒപിഡി കോപ്ലക്സിന്റെ നിര്‍മ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളിലേക്കും നിര്‍മ്മാണത്തിലേക്കും പോകുന്നതിനായി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ചുകൊണ്ട് 272 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബാക്കി സ്ഥലത്ത് കൂടി ചുറ്റുമതില്‍ കെട്ടുന്നതിനും പ്രവേശന കവാടം സ്ഥാപിക്കുന്നതിനുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1 കോടി രൂപയും ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെ മാനദണ്ഡ പ്രകാരം രണ്ടാമത്തെ ഘട്ടത്തില്‍ കിടക്കകളുടെ എണ്ണം 100 ആയി വര്‍ധിപ്പിച്ചും അഡ്മിനിസ്ട്രേറ്റീവ് സെക്ഷന്‍, അക്കാഡമിക് സെക്ഷന്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിച്ചുകൊണ്ടും വിദ്യാര്‍ത്ഥീ പ്രവേശനം നടത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഡിപിഐ പിന്തുണയോടെ ജയം, ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല; പ്രസിഡന്റിന് പിന്നാലെ വൈസ് പ്രസിഡന്റിനെയും പുറത്താക്കി കോൺഗ്രസ്
വിമർശനങ്ങൾക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ്: 'ചെറിയ പരാതികൾ മാത്രം, എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രായോഗികമല്ല'