സ്വകാര്യ ആശുപത്രികളിലെ കൊള്ള; ചികിത്സ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ, ബില്‍ കൊണ്ടുവരാന്‍ ആരോഗ്യ വകുപ്പ്

Published : Oct 01, 2026, 11:16 AM ISTUpdated : Oct 01, 2026, 12:19 PM IST
Hospital Bill

Synopsis

സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ഇതിനായി നിയമസഭയിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊള്ള നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. ചികിത്സാചെലവ് നിയന്ത്രിക്കാനും നിലവാരം മെച്ചപ്പെടുത്താനും നിയമസഭയിൽ ബിൽ കൊണ്ടുവരും. മുറിവാടകയ്ക്കും മരുന്ന് വിലയ്ക്കും ഡോക്ടറെ കാണാനുള്ള ഫീസിനും പിടിവീഴും. അതേസമയം, വിഷയത്തില്‍ ചർച്ചയില്ലാതെ നിയന്ത്രണം നടപ്പാക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരണം.

സ്വകാര്യ ആശുപത്രികളില്‍ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നാല് മുതൽ ആറ് ലക്ഷം വരെയാണ് ചെലവ്. ബൈപ്പാസ് ശസ്ത്രക്രിയ്ക്ക് നാല് ലക്ഷം മുതൽ ചെലവ് വരും. രണ്ട് പേർ കിടക്കുന്ന മുറിക്ക് പോലും അയ്യായിരത്തിലധികം വരും ദിവസ വാടക. ഭക്ഷണം, മരുന്ന്, ഡോക്ടറെ കാണുന്നത്, ഫിസിയോ അങ്ങനെ എല്ലാത്തിനും സ്വകാര്യ ആശുപത്രികളില്‍ കൊള്ള നിരക്കാണ്. ചികിത്സാക്കൊള്ളയില്‍ പരാതികൾ കൊണ്ട് മടുത്തെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷ വഹിക്കുന്ന കമ്മിറ്റിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും, കെഎംഎസ്‍സിഎല്‍ എംഡിയുമാണ് മറ്റ് അംഗങ്ങൾ. വാണിജ്യവിലയേക്കാൾ കുറവിൽ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് നൽകാനാകുമോ, രോഗനിർണയ ചെലവ് കുറയ്ക്കാനാകുമോ, മുറി വാടക കുറയ്ക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സർക്കാർ ഇൻഷുറൻസ് സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകാനുള്ള സാധ്യത പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കെഎംഎസ്‍എസിഎൽ വഴി സ്വകാര്യ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്യാനാകുമോ എന്നും ചികിത്സാ നിലവാരം ഉയർത്താനാകുമോ എന്നും സമിതി വിലയിരുത്തണം. ശുപാർശകളോട് കൂടി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. റിപ്പോർട്ടിന്മേൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. എന്നാല്‍, വിഷയത്തില്‍ പ്രായോഗികവശങ്ങൾ ചർച്ച ചെയ്യാതെ നിയന്ത്രണം സാധ്യമല്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷൻ പ്രതികരിച്ചു.

ബഹുരാഷ്ട്ര കുത്തക മാനേജ്മെന്റുകൾ കൂടുതൽ ആശുപത്രികൾ ഏറ്റെടുത്തതോടെ സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവ് വൻ തോതിൽ ഉയർന്നിട്ടുണ്ട്. ബ്ലാക്ക്സ്റ്റോണിന്റെ മാത്രം നിയന്ത്രണത്തിൽ 25ൽ അധികം പ്രധാന സ്വകാര്യ ആശുപത്രികള്‍ സംസ്ഥാനത്തുണ്ട്. കേന്ദ്ര ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ചട്ടത്തിലെ വില ഏകീകരണ വ്യവസ്ഥകൾക്കെതിരെ സ്വകാര്യ ആശുപത്രികളുടെ ഫെഡറേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ നിലവിൽ അത്തരം വ്യവസ്ഥകളില്ല. സ്വകാര്യ ആശുപത്രികളുടെ എതിർപ്പ് മറികടന്ന്, ചട്ടം ഭേദഗതിയുൾപ്പടെ പൂർത്തിയാക്കിയാലേ ചികിത്സാ ചെലവ് നിയന്ത്രിക്കാനാവൂ. മുൻ സർക്കാരിന്റെ കാലത്ത് ഇക്കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേകം സമിതിയെ വച്ചെങ്കിലും മുന്നോട്ട് പോയിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂരിലെ ലോഡ്ജിൽ നിന്ന് യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യ
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി