കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളം തെരുവിലേക്ക്; സമരത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും

By Web TeamFirst Published Dec 23, 2020, 7:34 AM IST
Highlights

ദില്ലിയിലെ കർഷകസമരത്തിന് പിന്തുണയുമായി സംയുക്തകർഷകസമിതി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പ്രതിക്ഷേധം നടത്തുന്നത്

തിരുവനന്തപുരം: കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതോടെ ഗവർണറും സർ‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായതിനിടെയാണ് നിയമത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത്. സമരപരിപാടികൾ ആലോചിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും.

ദില്ലിയിലെ കർഷകസമരത്തിന് പിന്തുണയുമായി സംയുക്തകർഷകസമിതി രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പ്രതിക്ഷേധം നടത്തുന്നത്. ഈ സമരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്നത്. നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ ഒരു മണിക്കൂർ നിയമസഭ കൂടാനുള്ള സർക്കാർ ശുപാർ‍ശ ഗവർണർ തള്ളിയത് വലിയ വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ഗവർണറുടെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം. ഇത് ബനാന റിപബ്ലിക്കല്ലെന്ന് വിമർശിച്ച് കൃഷിമന്ത്രി വി എസ് സുനി‌ൽകുമാർ തന്നെ പരസ്യമായി രംഗത്ത് വന്നു.

കേന്ദ്രനിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സർക്കാർ നിലപാട്. ബദൽ നിയമനിർമ്മാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണ്. കേന്ദ്രസർക്കാരിനെതിരെയുള്ള പുതിയ ആയുധമായി ഗവർണറുടെ തീരുമാനത്തെ മാറ്റാനാണ് സർക്കാർ നീക്കം. പ്രതിപക്ഷമാകാട്ടെ ഗവർണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞു. ഇന്ന് ചേരുന്ന യുഡിഎഫ് പാ‍ലമെന്ററി പാർട്ടിയോഗം തുടർ സമരപരിപാടികൾ തീരുമാനിക്കും.

click me!