കർണാടകയുടെ നടപടി തെറ്റ്, പ്രധാനമന്ത്രിയെ അറിയിച്ചതായി ഗവർണർ

By Web TeamFirst Published Apr 1, 2020, 9:09 AM IST
Highlights

അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഗവര്‍ണര്‍. വിദഗ്ധ ചികിത്സ വേണ്ട രോഗികള്‍  അതിര്‍ത്തികള്‍ അടഞ്ഞതോടെ മംഗളൂരുവിലേക്ക് കടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

തിരുവനന്തപുരം: കേരളത്തെ പ്രതിസന്ധിയിലാക്കി കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

കര്‍ണാടകം അതിര്‍ത്തികള്‍ അടച്ചതോടെ ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളില്‍ കേരളം വലിയ പ്രതിസന്ധി നേരിടുകയാണ്. വിദഗ്ധ ചികിത്സ വേണ്ട രോഗികള്‍  അതിര്‍ത്തികള്‍ അടഞ്ഞതോടെ മംഗളൂരുവിലേക്ക് കടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം ആവശ്യമായ ചികിത്സ കിട്ടാതെ കാസര്‍കോട് രണ്ടുപേരാണ് മരിച്ചത്.  മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബിയും മഞ്ചേശ്വരം സ്വദേശി ശേഖറുമാണ് മരിച്ചത്. ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. 

അതേസമയം മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്‍റെ ലോക് ഡൗണ്‍ നിയമത്തിന്‍റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ കളക്ടർ ടിവി സുഭാഷ് കർണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കർണാടകം അട്ടിമറിച്ചു.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നെന്നും ബദൽ പാതകൾ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്തെന്ന് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂർ ജില്ലാ ഭരണകൂടത്തിന്‍റെ കത്ത് ലഭിച്ച ശേഷം തുടർനടപടി ആലോചിക്കാമെന്ന് ഹൈക്കോടതിയിൽ കർണാടകം ഉറപ്പ് നൽകിയിരുന്നു. ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

click me!