സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 25 പേര്‍ ചികിത്സയില്‍

By Web TeamFirst Published Mar 19, 2020, 6:55 PM IST
Highlights

കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 237 പേരാണ് ആശുപത്രിയിലുള്ളത്.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 237 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് മാത്രം 64 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

പുതുതായി 6103 പേരാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. 5155 പേരെ രോഗ ബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷത്തില്‍ നിന്ന് ഒഴിവാക്കി. 2921 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 2342 എണ്ണം രോഗബാധയില്ലെന്ന ഫലമാണ് ലഭിച്ചത്.

ഇന്ന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താനുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. സാധാരണ ജനജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്.

ഈ സാഹചര്യത്തില്‍ നിന്ന് തിരിച്ച് കയറാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 20,000 കോടി രൂപയുടെ ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയാണെന്നും പിണറായി വിജയന്‍ അറിയിച്ചു. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ തൊഴില്‍ ഉറപ്പ് നടപ്പാക്കും.

രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 50 ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കിട്ടും. അതില്ലാത്തവര്‍ക്കു 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ 19് വ്യാപനം തടയാന്‍ പാരാമിലിറ്ററി സേന വിഭാഗം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തിയതായും പിണറായി വിജയന്‍ അറിയിച്ചു.
 

click me!