സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും

By Web TeamFirst Published Jun 7, 2021, 5:24 PM IST
Highlights

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സർക്കാർ ഉത്തരവിട്ടു

തിരുവനന്തപുരം: കൊവിഡ്‌ വ്യാപന തോത്‌ പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടി. 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  

അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.

സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ ജൂൺ 11ന്‌ ഒരു ദിവസം മാത്രം രാവിലെ 7 മണിമുതൽ വൈകീട്ട്‌ 7 വരെ പ്രവർത്തനാനുമതി നൽകും.

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും.

സ്വകാര്യ ആശുപത്രികൾക്ക്‌ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക്‌ വേണ്ട സഹായം നൽകും. അതാത്‌ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിദ്ദേശിച്ചു.

വാഹനഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം ജൂൺ 11ന്‌ തുറക്കാവുന്നതാണ്‌. മറ്റ്‌ പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല.

ഹൈക്കോടതി നർദ്ദേശ പ്രകാരം അഭിഭാഷകരെയും  അവിടുത്തെ മറ്റ്‌ ഉദ്യോഗസ്ഥരെയും  വാക്‌സീനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തും. സ്വകാര്യ ബസ്‌ തൊഴിലാളികൾക്കും  മുൻഗണന നൽകും. 

വയോജനങ്ങളുടെ വാക്‌സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്‌. അവശേഷിക്കുന്നവർക്ക്‌ കൂടി ഉടൻ കൊടുത്തു തീർക്കും.

സി കാറ്റഗറി കോവിഡ്‌ രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്‌പിറേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കാൻ വിദഗ്‌ദ്ധസമിതിയോടും ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കുട്ടികളിലെ കോവിഡ്‌ ബാധയെപറ്റി ശാസ്ത്രീയമായി പരിശോധിക്കും.

വിദേശ രാജ്യങ്ങളിൽ കോവാക്‌സീന്‌ അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട്‌ ഡോസ്‌ കോ വാക്‌സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാൻ എന്ത്‌ ചെയ്യാനാകുമെന്ന്‌ പരിശോധിക്കും.

നീറ്റ്‌ പരീക്ഷക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യൂ ഓഫീസുകളിൽ പോയി വാങ്ങേണ്ടതുണ്ട്‌. സർട്ടിഫിക്കറ്റുകൾ  ഇ ഡിസ്‌ട്രിക്റ്റ്‌ പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക്‌ ശേഷം  സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി.

എല്ലാ പരീക്ഷകളും ജൂൺ 16 ന് ശേഷം മാത്രമേ ആരംഭിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!