ഇടുക്കിയിൽ 1,064 പേ‍ർക്ക് കൂടി പട്ടയം അനുവദിച്ചു

By Web TeamFirst Published Sep 15, 2020, 6:50 AM IST
Highlights

ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. 1064 പേർക്ക് കൂടി സർക്കാർ ഉപാധിരഹിത പട്ടയം കൈമാറി. 

ഇടുക്കി: ഇടുക്കിയിൽ 1,064 പേ‍ർക്ക് കൂടി പട്ടയം അനുവദിച്ചു. തൊടുപുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ റവന്യൂമന്ത്രി പട്ടയ വിതരണം നടത്തി. എന്നാൽ ഭൂപതിവ് ചട്ടം ഇടുക്കിയിൽ നടപ്പാക്കാൻ വാദിക്കുന്ന സർക്കാരിന്‍റെ പട്ടയവിതരണത്തിൽ ആത്മാർത്ഥതയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. 1064 പേർക്ക് കൂടി സർക്കാർ ഉപാധിരഹിത പട്ടയം കൈമാറി. വനമേഖലയോട് ചേര്‍ന്നതും ജണ്ടയ്ക്ക് പുറത്തുള്ളതുമായ കുടുംബങ്ങൾക്കാണ് ഇത്തവണ പട്ടയം നൽകിയത്. വനം_റവന്യു വകുപ്പുകളുടെ സംയുക്ത പട്ടികയിൽ ഉൾപ്പെടാതിരുന്നതിനാൽ കാലങ്ങളായി പട്ടയമെന്നത് ഇവർക്ക് സ്വപ്നമായിരുന്നു. നിയമത്തിൽ ഭേദഗതി വരുത്തിയാണ് പട്ടയം അനുവദിച്ചത്.

ഉപാധിരഹിത പട്ടയമെന്ന് പറയുമ്പോഴും ഹൈക്കോടതി വിധിയുള്ളതിനാൽ കൃഷിയ്ക്കും വീട് നിർമാണത്തിനും മാത്രമാണ് പട്ടയഭൂമി പ്രയോജനപ്പെടുക. ഹൈക്കോടതി വിധിയ്ക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന സർക്കാരിന്‍റെ വാദം ഭൂപതിവ് ചട്ട ഭേദഗതി ഇടുക്കിയിൽ മാത്രം നടപ്പാക്കണമെന്നാണ്. ഇടുക്കിക്കാരോടുള്ള സർക്കാരിന്‍റെ ഈ നിലപാട് ഇരട്ടത്താപ്പെന്നാണ് പ്രതിപക്ഷ ആരോപണം.

മൂന്നാറിലെ എട്ട് വില്ലേജുകൾക്ക് മാത്രമായി ഭൂപതിവ് ചട്ട ഭേദഗതി ചുരുക്കിയെന്നും കോടതിയിലെ കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നുമാണ് റവന്യൂമന്ത്രിയുടെ പ്രതികരണം.
 

click me!