
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ കോടതിയിൽ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇത് സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും. അതിനിടെ പ്രതിപക്ഷത്ത് നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ രജിസ്റ്റര്‍ ചെയ്യാത്ത കേസുകൾ സംബന്ധിച്ച് ആരോപണവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തിടുക്കത്തിലുള്ള നടപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് മുഖ്യ പ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം മാറിയിട്ടുണ്ട്.
സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയിൽ നൂറിൽ താഴെ കേസുകൾ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. മറ്റുള്ള കേസുകളുടെ ഗൗരവം നോക്കി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാൽ മുന്നണിയുടെയും സര്‍ക്കാരിന്റെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടിൽ കേസുകൾ പിൻവലിക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശിച്ചതോടെയാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam