കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേരളം; ആശമാരുടെ ഇൻസെൻ്റീവടക്കം 636 കോടി രൂപ എൻഎച്ച്എം വിഹിതം കുടിശിക

Published : Mar 04, 2025, 10:42 PM ISTUpdated : Mar 04, 2025, 10:54 PM IST
കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേരളം; ആശമാരുടെ ഇൻസെൻ്റീവടക്കം 636 കോടി രൂപ എൻഎച്ച്എം വിഹിതം കുടിശിക

Synopsis

ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 2023-24 വർഷത്തിൽ 636.88 കോടി രൂപയാണ് നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് കേന്ദ്രം നൽകാനുണ്ടെന്ന് കേരളം

തിരുവനന്തപുരം: ആശ പദ്ധതി വിഹിതം ഇനത്തിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന കേന്ദ്രത്തിൻ്റെ വാദത്തിന് മറുപടിയുമായി സംസ്ഥാനം. ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 2023-24 വർഷത്തിൽ 636.88 കോടി രൂപയാണ് ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ (നാഷണൽ ഹെൽത്ത് മിഷൻ - എൻഎച്ച്എം) കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു. നടപടി ക്രമങ്ങൾ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് കേരളം കുറ്റപ്പെടുത്തുന്നു. സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ബ്രാൻഡിങ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാത്തതിനാൽ 2023-24 സാമ്പത്തിക വർഷത്തിലെ വിഹിതം നൽകാനാകില്ലെന്ന്  വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അയച്ച കത്തും പുറത്തുവിട്ടിട്ടുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ ജോയിന്റ് സെക്രട്ടറി കേരളത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. പണം തരാൻ ഉണ്ടെന്ന് കേന്ദ്രം തന്നെ സമതിക്കുന്നതിൻ്റെ തെളിവാണിതെന്ന് പറഞ്ഞ സംസ്ഥാനം, പിന്നീട് ബ്രാൻഡിംഗ് മാനദണ്ഡം പാലിച്ചിട്ടും പദ്ധതി വിഹിതം കേന്ദ്രം നൽകിയില്ലെന്നും കുറ്റപ്പെടുത്തുന്നു.

ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പ്

ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും കേന്ദ്രം അനുവദിച്ചു എന്ന തരത്തിലുള്ള പ്രചാരണം തെറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് വ്യക്തമാക്കുന്നത്. കേന്ദ്രം നല്‍കാനുള്ളത് 636.88 കോടി രൂപയാണെന്ന് ചൂണ്ടിക്കാണിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും, കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും, സ്റ്റേറ്റ് നാഷണല്‍ മിഷനും കത്ത് അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഒക്‌ടോബര്‍ 28ന് കേന്ദ്രം നല്‍കിയ മറുപടിയിലും കേന്ദ്രം കേരളത്തിന് 2023-24 വര്‍ഷത്തില്‍ കേന്ദ്ര വിഹിതം നല്‍കാനുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജിൻ്റെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

എന്‍എച്ച്എമ്മിന്റെ ആശ ഉള്‍പ്പെടെയുള്ള സ്‌കീമുകള്‍ക്കോ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിരുന്നില്ല. ആകെ കേന്ദ്രം തരാനുള്ള 826.02 കോടിയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മെയിന്റനന്‍സിനും കൈന്‍ഡ് ഗ്രാന്റിനും വേണ്ടിയുള്ള 189.15 കോടി മാത്രമാണ് അനുവദിച്ചത്. എന്നാല്‍ ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ ബാക്കി 636.88 കോടി അനുവദിച്ചില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ കേരളം സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍.എച്ച്.എം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോയത്. കോ ബ്രാന്‍ഡിംഗ് ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിച്ച എല്ലാ നടപടിക്രമങ്ങളും പാലിച്ചെങ്കിലും ഫണ്ടനുവദിച്ചില്ല. അതിനാല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം, ബയോ മെഡിക്കല്‍ മാനേജ്മെന്റ്, മരുന്നുകള്‍, കനിവ് 108 ആംബുലന്‍സ്, അമ്മയും കുഞ്ഞും പദ്ധതി തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാവാതിരിക്കാന്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ നടത്തിയിരുന്നതെന്നും സംസ്ഥാനം വാദിക്കുന്നു.

കേന്ദ്രസർക്കാരിൻ്റെ വാദം

കോബ്രാൻഡിംഗ് അടക്കം എൻഎച്ച്എം മാനദണ്ഡം കേരളം 2023-24ൽ പാലിച്ചില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നു. കേന്ദ്ര മാനദണ്ഡം അംഗീകരിച്ചതായി അറിയിച്ചത് 2024-25 സാമ്പത്തിക വർഷമാണ്. മാനദണ്ഡം പാലിക്കാത്തതു കൊണ്ട് ആ വർഷത്തെ തുക 190 കോടി രൂപ നൽകി, ബാക്കി ലാപ്സായി. ഈ വർഷം ബജറ്റ് ചെയ്തതിനെക്കാൾ തുക എൻഎച്ച്എമ്മിന് നൽകി. ബജറ്റ് ചെയ്തത് 913 കോടി. 120 കോടി അധികം നൽകി. അതിനാൽ ഈ വർഷം ശമ്പളം നൽകാൻ ആവശ്യമായ തുക കേരളത്തിനുണ്ട്. മാനദണ്ഡം പാലിക്കാതെ വീഴ്ച വരുത്തി നഷ്ടമാക്കിയ പഴയ തുകയുടെ പേരിൽ കേന്ദ്രത്തെ പഴിക്കരുതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി