'ഓരോ ഫയലിലും ജീവിതമുണ്ട്'; ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി സര്‍ക്കാര്‍

By Web TeamFirst Published Jul 30, 2019, 4:57 PM IST
Highlights

ജനങ്ങളുടെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം കാണാനാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീവ്രയജ്ഞം വെറും യാന്ത്രികമായി നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം: ''ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന് മനസിലാക്കണം''- 2016ല്‍ മുഖ്യമന്ത്രിയായ ശേഷം സെക്രട്ടറിയേറ്റിലെ ജീവനക്കാരോട് സംസാരിക്കുമ്പോള്‍ പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിത്.

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പൊതുജനത്തിന് വേണ്ടിയാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനാണ്. ജീവനക്കാര്‍ക്ക് മുന്നിലെത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.

സെക്രട്ടറിയേറ്റില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി ചുവപ്പുനാടയില്‍ കുടങ്ങി കിടക്കുന്ന ജീവത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹത്തിനായി. എന്നാല്‍, പിന്നീടും പല തരത്തില്‍ ചുവപ്പ് നാട മൂലം പലര്‍ക്കും പല തവണ ഓഫീസുകളില്‍ കയറിയിറങ്ങി നടക്കേണ്ടി വന്നു.

ഇപ്പോള്‍ അതിനും പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ സെക്രട്ടറിയേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജനങ്ങളുടെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം കാണാനാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തീവ്രയജ്ഞം വെറും യാന്ത്രികമായി നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നവിധം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് പരിപാടി. അതുകൊണ്ടുതന്നെ, ഒന്നോ അതില്‍ കൂടുതലോ അവധി ദിവസങ്ങള്‍ ഫയല്‍ തീര്‍പ്പാക്കുന്നതിനായി മാത്രം മാറ്റിവച്ച് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

click me!