കേരളം കേന്ദ്രത്തിന് 5580 കോടി രൂപ അങ്ങോട്ട് നൽകേണ്ടി വന്നു, രാജ്യത്ത് ആദ്യമെന്ന് മുഖ്യമന്ത്രി; ദേശീയപാത വികസനം ഉടൻ പൂർത്തീകരിക്കും

Published : Nov 29, 2025, 01:59 AM IST
CM Pinarayi Vijayan

Synopsis

ദേശീയപാതാ വികസനം എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് യാഥാർത്ഥ്യമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രത്തിന് പണം നൽകേണ്ടി വന്നതുൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ മറികടന്ന് നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം: നടപ്പാവില്ലെന്ന് എഴുതിത്തള്ളിയ പദ്ധതികളും വികസന പ്രവർത്തനങ്ങളും കേരളത്തിൽ യാഥാർത്ഥ്യമായ ഒമ്പതര വർഷങ്ങളാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ പ്രധാനമാണ് ദേശീയപാതാ വികസനം. 2014-ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ദേശീയപാതാ അതോറിറ്റി ഉപേക്ഷിച്ചു പോയ പ്രവൃത്തി പിന്നീട് 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടുപോയി.

ഇന്നത് നിർമ്മാണ പ്രവൃത്തിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ പല പ്രതിബന്ധങ്ങളും വന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാനം കേന്ദ്രത്തിന് 5580 കോടി രൂപ അങ്ങോട്ട് നൽകേണ്ടി വന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് ഫണ്ട് നൽകുന്നത്. കിഫ്‌ബി വഴിയാണ് ഈ തുക സർക്കാർ ദേശീയപാതാ അതോറിറ്റിക്ക് നൽകിയത്. കിഫ്‌ബിയുടെ കമ്പോള വായ്പ കേരളത്തിന്‍റെ കടപരിധിയിൽ പെടുത്തുകയാണ് പിന്നീട് കേന്ദ്ര സർക്കാർ ചെയ്തത്.

അതായത് ദേശീയപാതക്കായി കിഫ്‌ബി നൽകിയ തുകയ്ക്ക് തത്തുല്യമായ തുക കേരളത്തിന് അനുവദനീയമായ വായ്പാ തുകയിൽ നിന്ന് വീണ്ടും വെട്ടിക്കുറക്കുന്ന നിലയുണ്ടായി. അങ്ങനെ ഫലത്തിൽ സർക്കാരിന് മുകളിലുള്ള ഭാരം ഏതാണ്ട് 12000 കോടി രൂപയ്ക്ക് അടുത്തായി. പല പ്രതിലോമ ശക്തികളും ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തി. അതിലൊന്നും പതറാതെ പൊതുജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോയി.

നിലവിൽ 444 കിലോമീറ്റർ ദേശീയപാതാ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വളരെ അടുത്ത് തന്നെ ബാക്കി കൂടി പൂർത്തീകരിക്കും. നൂതനമായ സൗകര്യങ്ങളോട് കൂടിയ ആറുവരി ദേശീയപാത കേരളത്തിൽ യാഥാർത്ഥ്യമാവുകയാണ്. നമ്മുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇതുവഴി സഫലീകരിക്കുന്നത്. നാടിന് അനിവാര്യമായതെല്ലാം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോകുന്ന സർക്കാരാണിത്. ഈ സർക്കാർ ചെയ്യാൻ കഴിയുന്നതേ പറയൂ, പറഞ്ഞാൽ അതെന്തായാലും ചെയ്തിരിക്കും. അത് കേരളം അനുഭവിച്ചറിഞ്ഞ ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'