രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക നിലവാരമുള്ള സംസ്ഥാനം കേരളമെന്ന് സര്‍വേ; നാല് പ്രധാന വിഷയങ്ങളിലും മികച്ച പ്രകടനം

Published : Oct 20, 2025, 06:01 PM IST
Kerala tourism

Synopsis

പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ (ജി.ഡി.ബി.) സര്‍വേയിലാണ് കേരളം മറ്റ് സംസ്ഥാനങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക നിലവാരമുള്ള സംസ്ഥാനം കേരളമെന്ന് സര്‍വേയിൽ കണ്ടെത്തൽ. പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ (ജി.ഡി.ബി.) സര്‍വേയിലാണ് കേരളം ചരിത്രപരമായ നേട്ടം കൈവരിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പൗരബോധം, പൊതു സുരക്ഷ, ലിംഗഭേദ നിലപാടുകള്‍, വൈവിധ്യം, വിവേചനം എന്നീ നാല് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സമഗ്രമായ സാമൂഹിക പഠനമാണിത്.

രാജ്യത്ത് സാമൂഹികവും പൗരബോധപരവുമായ പുരോഗതിയില്‍ സംസ്ഥാനം മുന്‍നിരയിലാണെന്ന് ഈ നേട്ടം അടിവരയിടുന്നു. മൊത്തത്തിലുള്ള സൂചികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച കേരളം, ഈ നാല് വിഷയങ്ങളിലും മാതൃകാപരമായ പ്രകടനമാണ് കാഴ്ചവെച്ചത്, ഇത് സംസ്ഥാനത്തിന്‍റെ സന്തുലിതവും സൗഹൃദപരവുമായ സാമൂഹിക ഘടനയെയാണ് സൂചിപ്പിക്കുന്നത്. പൊതുക്ഷേമത്തിന് പ്രാധാന്യം നല്‍കുന്നതും സാമൂഹിക നിയമങ്ങള്‍ പാലിക്കുന്നതിലുള്ള പ്രതിബദ്ധതയും കേരളീയര്‍ക്കിടയിലെ ഉയര്‍ന്ന പൗരബോധത്തെ വെളിപ്പെടുത്തുന്നു. കൂടാതെ, ലിംഗസമത്വത്തിലും സാമൂഹിക സൗഹൃദത്തിലും സംസ്ഥാനം പുരോഗമനപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും സര്‍വേ പറയുന്നു.

സംസ്ഥാനത്തിന്‍റെ ഈ നേട്ടം സര്‍ക്കാരിന്‍റെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്തമുള്ളതും കൂടുതല്‍ സൗഹൃദപരവുമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ കേരളം രാജ്യത്തിന് എന്നും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മുന്നേറ്റത്തിന്‍റെ കാര്യത്തില്‍ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് പുതിയ മാനദണ്ഡം സ്ഥാപിക്കുകയും മാതൃകയാവുകയും ചെയ്യുകയാണെന്നും സര്‍വേ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം