റോഡിലെ കുഴി: ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കായി കോടതിയിൽ പുതിയ ഓഫീസ് പണിയേണ്ടി വരുമെന്ന് ഹൈക്കോടതി

By Web TeamFirst Published Sep 19, 2022, 4:19 PM IST
Highlights

സംസ്ഥാനത്ത് ആയിരക്കണക്കിന് അപകടങ്ങൾ കുഴികളിൽ വീണ് നടക്കുന്നുണ്ടെന്നും എന്നാൽ കേരളത്തിൽ ഒന്നും മാറുന്നില്ലെന്നും  എന്നിട്ടും പുതിയ കേരളത്തെക്കുറിച്ച് സംസാരിക്കുകയാണെന്നും ഹൈക്കോടതി പരിഹസിച്ചു

കൊച്ചി: പൊതുമരാമത്ത് വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. പൊതുമരാമത്ത് റോഡിലെ കുഴികൾ അടയ്ക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താൻ തുടങ്ങിയാൽ ഹൈക്കോടതിയിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവ - പെരുമ്പാവൂര്‍ റോഡിലെ കുഴികൾ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 

സംസ്ഥാനത്തെ റോഡുകൾ മോശമാകുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്ന് കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചു.   എഞ്ചിനീയര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നുണ്ടോയെന്നും റോഡുകളിലെ സ്ഥിതി ദയനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകളിൽ കുഴികൾ രൂപപ്പെടുമ്പോൾ മുതൽ നടപടികൾ സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി, മോശം റോഡുകൾ കാരണം ആയിരക്കണക്കിന് ആൾക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്നും റോഡിൽ ഒരാൾ മരിച്ചാൽ ജനം രോഷം പ്രകടിപ്പിക്കുമെന്നും ജനം പ്രശ്നം ഉണ്ടാക്കിയപ്പോൾ ആണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിലേക്ക് വന്നതെന്നും പറഞ്ഞു. 

അതേസമയം ആലുവ- പെരുമ്പാവൂർ റോഡ് തകർന്ന സംഭവത്തിൽ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എഞ്ചിനീയർ ഹൈക്കോടതിയിൽ ഇന്ന് നേരിട്ട് ഹാജരായി. റോഡിൽ കുഴിയുണ്ടായപ്പോൾ മുന്നറിയിപ്പ്  ബോർഡ്‌ വച്ചിരുന്നോ എന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. ബോർഡ്‌ വെച്ചില്ലെന്ന് എൻജിനീയർ ഹൈക്കോടതിയെ അറിയിച്ചു. അറ്റ ഭരണാനുമതി ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും എഞ്ചിനീയര്‍മാര്‍ വ്യക്തമാക്കി. 

കുഴികൾ അടക്കാൻ എന്തിനാണ് ഇത്ര കാലതാമസമെന്ന് ചോദിച്ച ഹൈക്കോടതി മരണം ഉണ്ടായപ്പോൾ എങ്ങനെ ഉടൻ കുഴി അടച്ചു എന്നും ചോദിച്ചു. കുഴികളിൽ വീണ് അപകടം ഉണ്ടായേക്കാം എന്ന് ഉദ്യോഗസ്ഥർ ചീഫ് എഞ്ചിനിയറെ അറിയിച്ചിട്ടും ചീഫ് എഞ്ചിനിയർ നടപടി എടുത്തില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ഈ ഘട്ടത്തിലാണ് കുഴികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ  ഹൈക്കോടതിയിൽ PWD ഓഫിസ് തുറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പരിഹസിച്ചത്. അതേസമയം കിഫ്ബിയുടെ നിർദേശമുള്ളതുകൊണ്ടാണ് ആലുവ- പെരുമ്പാവൂർ റോഡിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതെന്ന് എഞ്ചിനീയർമാർ പറഞ്ഞു.

അത് ഇരുചക്രവാഹനനം ഓടിക്കുന്നവർക്കുള്ള മരണവാറണ്ടല്ലാതെ മറ്റെന്താണെന്ന് കോടതി അപ്പോൾ തിരിച്ചു ചോദിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിന് അപകടങ്ങൾ കുഴികളിൽ വീണ് നടക്കുന്നുണ്ടെന്നും എന്നാൽ കേരളത്തിൽ ഒന്നും മാറുന്നില്ലെന്നും  എന്നിട്ടും പുതിയ കേരളത്തെക്കുറിച്ച് സംസാരിക്കുകയാണെന്നും ഹൈക്കോടതി പരിഹസിച്ചു. 

എത്ര ദിവസം കൂടുമ്പോഴാണ് റോഡിലെ പരിശോധന നടത്താറുള്ളത് എന്ന് എൻജിനീയർമാരോട് ഹൈക്കോടതി ചോദിച്ചു. മഴ വരുമ്പോഴാണ് റോഡിൽ കുഴികൾ ഉണ്ടാകുന്നതെന്ന് എൻജിനീയർമാർ പറഞ്ഞപ്പോൾ മഴ വന്നാൽ കുടയെടുക്കണം എന്നാൽ മഴ വന്നാൽ കുഴി വരും എന്ന് പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് എന്നും കോടതി പറഞ്ഞു.

മനുഷ്യജീവന് വില നൽകുന്നുണ്ടെങ്കിൽ കുഴികൾ അടക്കാതിരിക്കാൻ ആകില്ലെന്ന് പറഞ്ഞ കോടതി ആലുവ -  പെരുമ്പാവൂർ റോഡിലെ അറ്റകുറ്റപ്പണി പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും നിര്‍ദ്ദേശിച്ചു. ഹര്‍ജി തുടര്‍ പരിഗണനയ്ക്കായി ഹൈക്കോടതി ഒക്ടോബര്‍ ആറിലേക്ക് മാറ്റി. 

tags
click me!