കോതമംഗലം പള്ളി കേന്ദ്രസേനയെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

By Web TeamFirst Published Jan 15, 2021, 3:01 PM IST
Highlights

കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടാം തിയ്യതിക്കകം സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്

കൊച്ചി: കോതമംഗലം പള്ളി കേന്ദ്ര സേനയെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷൻ ബ‌ഞ്ച് രണ്ടാഴ്ചകൂടി നീട്ടി. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ വീണ്ടും പരിഗണിക്കുന്നത് വരെയാണ് ഉത്തരവ് നടപ്പാക്കുന്നത് നീട്ടിയത്. സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ പുന:പരിശോധന ഹർജി നൽകുമെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറയിച്ചു.  അതേസമയം എന്ത് ഭീഷണിയുണ്ടായാലും  കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറില്ലെന്ന് ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, ടി.ആർ രവി എന്നിവരടങ്ങിയ ബ‌ഞ്ച് വ്യക്തമാക്കി. ഇതിനായി ഇരു വിഭാഗങ്ങളിലെ അഭിഭാഷകരുടെയും അഡീഷണൽ സോളിസിറ്ററുടെയും പൂർണ്ണ സഹകരണം ആവശ്യമാണെന്നും കോടതി അറയിച്ചു.

കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടാം തിയ്യതിക്കകം സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഇത് നടപ്പാക്കുന്നത് നിർത്തിവെക്കാൻ ഡിവിഷൻ ബെ‌ഞ്ച് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. സർക്കാർ പള്ളി ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കോടതിയലക്ഷ്യ കേസിൽ മറ്റ് നിർദ്ദേശങ്ങൾ പാസാക്കാൻ സിംഗിൾ ബെഞ്ചിന് കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഇന്ന് കേസ് പരിഗണിക്കാമെന്നാണ് അന്ന് അറിയിച്ചിരുന്നത്.

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്ത്ഡോക്സ് വിഭാഗത്തിന് കൈമാറാത്തതിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചതിനു പിന്നാലെ യാക്കോബായ സഭ സമരം ശക്തമാക്കിയിരിക്കുകയാണ്. ഒരു മാസത്തിലധികമായി വിവിധ തരത്തിലുളള സമരങ്ങളാണ് സഭ നടത്തുന്നത്. 

click me!