13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്

By Web TeamFirst Published Apr 19, 2021, 9:19 PM IST
Highlights

മകളുടെ ഗർഭഛിദ്രത്തിന് അനുമതി തേടി പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. പെൺകുട്ടിയുടെ 14 കാരനായ സഹോദരനാണെന്ന് കേസിൽ പ്രതിയെന്നാണ് പോലിസ് സംശയിക്കുന്നത്.

കൊച്ചി: ബലാത്സംഗത്തിനിരയായ 13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. മകളുടെ ഗർഭഛിദ്രത്തിന് അനുമതി തേടി പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. പെൺകുട്ടിയുടെ 14 കാരനായ സഹോദരനാണെന്ന് കേസിൽ പ്രതിയെന്നാണ് പോലിസ് സംശയിക്കുന്നത്. 24 മണിക്കൂറിനകം ഗർഭം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ്  കോടതി  കോഴിക്കോട് മെഡിക്കൽ കോളേജ് സുപ്രണ്ടിന് നൽകിയ നിർദ്ദേശം. 

നേരത്തെ കോടതി നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. അപകട സാധ്യതകളുണ്ടെങ്കിലും ഗർഭഛിദ്രം നടത്താമെന്നായിരുന്നു റിപ്പോർട്ട്. 20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ്  നിയമപരമായി വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടി വന്ന സാഹചര്യം കൂടി പരിഗണിച്ചണ് കോടതി അനുമതി. പീഡന സംഭവം പെൺകുട്ടിയെ മാത്രമല്ല. ഇതിൻ്റെ മാനസികാഘാതം മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്ഥിതി വിശേഷമുണ്ടാകുന്നത് സാമൂഹ്യ താൽപര്യത്തിന്  വിരുദ്ധമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭ്രൂണത്തിൻ്റെ ഡി.എൻ.എ പരിശോധനക്ക്  തെളിവുകൾ  ശേഖരിക്കണമെന്ന നിർദേശവും കോടതി  ഉത്തരവിലുണ്ട്.

click me!