കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശക്തമായ നടപടിക്ക് നിർദ്ദേശം

By Web TeamFirst Published Jan 20, 2021, 8:58 AM IST
Highlights

യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടർന്നാണ് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാ‍ർത്ഥി

കണ്ണൂർ: ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാൻ ശക്തമായ നടപടി എടുക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് ഹൈക്കോടതി നിർദ്ദേശം. 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷൻ കമ്മിഷൻ നിർദ്ദേശിച്ച തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും ബൂത്തിൽ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 64 ബൂത്തുകളും സുരക്ഷ ഭീഷണി ഉള്ളവയാണ്. അതിനാൽ മതിയായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥി ലിൻഡ ജെയിംസിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് നൽകിയ ഹർജിയിലാണ് നടപടി. നാളെയാണ് തിലല്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പ്. 

യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടർന്നാണ് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാ‍ർത്ഥി. ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ 16 ഇടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫുമാണ് വിജയിച്ചത്. അതിനാൽ തന്നെ തില്ലങ്കേരി ഡിവിഷനിലെ ഫലം ഭരണമാറ്റത്തിന് കാരണമാകില്ല. സിപിഎമ്മിലെ പിപി ദിവ്യയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ.  കല്ല്യാശ്ശേരി ഡിവിഷനിൽ നിന്നാണ് ഇക്കുറി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. പന്ന്യന്നൂർ ഡിവിഷനിൽ നിന്നും വിജയിച്ച മുതിർന്ന സിപിഎം നേതാവ് ഇ.വിജയനെയാണ് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബിനോയ് കുര്യനെയാണ് ജില്ലാ നേതൃത്വം പരി​ഗണിച്ചത്. ഇതിനായി ഇദ്ദേഹം ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. നീട്ടിവച്ച തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇ.വിജയന് പകരം ബിനോയ് കുര്യൻ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി വരാൻ സാധ്യതയുണ്ട്.

click me!