
കൊച്ചി: മുൻ മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിചാരണ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് പ്രസക്തമാണ്. കേസിൽ നീതി പൂർവമായ വിചാരണ വേണമെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നാണ് സ്വകാര്യ ഹർജിയിലെ ആവശ്യം.
വിദേശിയുടെ അടിവസ്ത്രം കോടതിയിൽ നിന്നെടുത്ത് വെട്ടി ചെറുതാക്കി; ആന്റണി രാജുവിന് തിരിച്ചടിയാവുന്നത് 1990 ലെ കേസ്
34 വർഷം പഴക്കമുള്ള കേസിൻ്റെ വിചാരണയാണ് കോടതിയിൽ നടക്കുന്നത്. തുടക്കം മുതുൽ അട്ടിമറി നടന്ന കേസിൻ്റെ ഓരോ നാള്‍ വഴിയും വിചിത്രമാണ്. വിദേശ പൗരൻ ഉള്‍പ്പെടുന്ന ലഹരികേസ് അന്വേഷിച്ച എസ് പി ജയമോഹൻെറയും മുൻ ഡി ജിപി സെൻകുമാറിൻ്റേയും ഇടപെടലാണ് തേഞ്ഞുമാഞ്ഞു പോയ കേസിൽ നിർണായകമായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഓസ്ട്രേലിയൻ പൗരൻ ആന്‍ഡ്രൂസ് സെൽവദോർ സെർവലിയാണ് അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായത്. 1990 ഏപ്രിൽ നാലിനായിരുന്നു സംഭവം. പൂന്തുറ സി ഐയായിരുന്ന ജയമോഹനാണ് കേസന്വേഷിച്ച തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ലഹരിമരുന്നും, അടി വസ്ത്രവുമായിരുന്നു പ്രധാന തൊണ്ടിമുതലുകള്‍. ഇതുകൂടാതെ വിദേശിയിൽ നിന്നും പിടിച്ച വസ്ത്രങ്ങളും ടേപ്പ് റിക്കോർഡറുമെല്ലാം കോടതിയിൽ നൽകി. തിരുവനന്തപുരം സെഷൻസ് കോടതി വിദേശ പൗരനെ ശിക്ഷിച്ചു. പക്ഷേ ഹൈക്കോടതി അപ്പീലിൽ ഓസ്ട്രേലിയൻ പൗരനെ വെറുതെവിട്ടു. ലഹരി ഒളിപ്പിച്ച അടിവസ്ത്രം പ്രതിയുടെതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. ജയിൽ മോചിതനായ ആൻഡ്രൂസ് വിദേശത്തേക്ക് പോയി. പ്രമുഖ ക്രിമിനൽ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആൻറണി രാജുവാണ് കേസ് നടത്തിയത്. പ്രതിക്കൂട്ടിലായ അന്വേഷണ ഉദ്യോഗസ്ഥൻ അന്നത്തെ ഡിജിപി രാജ് ഗോപാൽ നാരായണന് പരാതി നൽകി. ഹൈക്കോടതി വിജിലൻസിൻ്റെ അന്വേഷണത്തിൽ അട്ടിമറി സംശയിച്ചു. ഹൈക്കോടതിയുടെ അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോടതി ശിരസ്താർ നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. പിന്നെയും അട്ടിമറി, തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു. അന്ന് എംഎൽഎയായിരുന്നു ആൻറണിരാജു. ദക്ഷിണമേഖല ഐജിയായ സെൻകുമാർ ചുമതലേറ്റപ്പോള്‍ കേസ് വീണ്ടും അന്വേഷിച്ചു. നിർണായകമായത് ഫൊറൻസിക് റിപ്പോർട്ടാണ്. അടിവസ്ത്രം വെട്ടിചെറുതാക്കി മറ്റൊരു നിറത്തിലുള്ള നൂൽകൊണ്ട് തുന്നി ചേർത്തതാണെന്ന് റിപ്പോർട്ട് വന്നു. വിദേശത്ത് തിരിച്ചുപോയ ആൻഡ്രൂസിനെ കൊലക്കേസിൽ മെൽബെൻ പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് കൈക്കൂലി നൽകിയ അട്ടിമറി നടത്തിയത് കൂട്ടിപ്രതിയോട് ആൻഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഇൻറർപോള്‍ വഴി കേരള പൊലിസിനെയും അറിയിച്ചു. തെളിവുകളെല്ലാം പുറത്തുവന്നതോടെ ആൻറണി രാജുവിനെയും തൊണ്ടി ക്ലർക്കായ ജോസിനെയും പ്രതിയാക്കി പൊലീസ് 2006 ലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം