എ ഡി എമ്മിനെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.
കൊച്ചി: എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്‍റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിൾ ബെഞ്ച് നേരത്തെ ആവശ്യം തളളിയിരുന്നു. ഇതോടെയാണ് നവിൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകിയത്. കുടംബത്തിന്‍റെ സി ബി ഐ അന്വേഷണമെന്ന ആവശ്യത്തിൽ സർക്കാർ ഇന്ന് മറുപടി നൽകും. എ ഡി എമ്മിനെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും സി പി എം നേതാവ് പ്രതിയായ കേസിൽ സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ഹർജിയിലെ ആവശ്യം.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; കാത്തുകൊതിച്ച വിജയത്തിലേക്ക് ബിജെപി, എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
അതിനിടെ എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ആ പരാമർശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോൾ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തുവെന്നും ജയരാജൻ വിശദീകരിച്ചു. ആ കാഴ്ചപ്പാടാണ് പാർട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂർ സമ്മേളനത്തിനിടയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിനിടെ ദിവ്യക്കെതിരെ പ്രതിനിധികളുടെ ഭാഗത്ത് നിന്നും വിമർശനമുയർന്നോയെന്ന ചോദ്യത്തിനായിരുന്നു എം വി ജയരാജന്‍റെ മറുപടി. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികൾ വിമർശിച്ചപ്പോൾ, അവർക്കെതിരെ നടപടിയെടുത്തതിനെതിരെയും ചോദ്യവുമുയർന്നു.
