കേരളത്തിന്‍റെ എഎംആർ പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍, സ്റ്റേറ്റിന്‍റെ നയം സംബന്ധിച്ച ലേഖനം ആദ്യമായി അമേരിക്കന്‍ ജേണലില്‍

Published : Jul 13, 2025, 02:57 PM IST
AMR Jorurnal

Synopsis

ആദ്യമായിട്ടാണ് എ.എം.ആറില്‍ ഒരു സ്റ്റേറ്റിന്റെ നയവും പ്രവര്‍ത്തനവും സംബന്ധിച്ച ലേഖനം ആഗോള അംഗീകാരമുള്ള അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിന്റെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടി. 'When policy makers have your back: The Kerala experience with state wide antimicrobial resistance mitigation efforts' എന്ന എ.എം.ആര്‍. സംബന്ധിച്ച ആര്‍ട്ടിക്കിള്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് കെയര്‍ എപിഡമോളജിയുടെ (SHEA) ജേണലില്‍ പ്രസിദ്ധീകരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സാണ് ഇതിന്റെ പ്രസാധകര്‍. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം രോഗാണുക്കള്‍ മരുന്നിന് മേല്‍ ആര്‍ജിക്കുന്ന പ്രതിരോധമാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ഇതിനെതിരെ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും വിവരിക്കുന്നതാണ് ലേഖനം. പ്രത്യേകിച്ച് സര്‍ക്കാരിന്റെ നയവും നിലപാടും എങ്ങനെ ഈ പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുന്നു എന്നതാണ് ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.

ആദ്യമായിട്ടാണ് എ.എം.ആറില്‍ ഒരു സ്റ്റേറ്റിന്റെ നയവും പ്രവര്‍ത്തനവും സംബന്ധിച്ച ലേഖനം ആഗോള അംഗീകാരമുള്ള അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നത്. അതിഗൗരവമായി കൈകാര്യം ചെയ്യേണ്ട ഒരു ആരോഗ്യ പ്രതിസന്ധിയാണ് എഎംആര്‍. ഈ ആഗോള ഭീഷണിയെ നേരിടാന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ ഇച്ഛാശക്തിയും (പൊളിറ്റിക്കല്‍ വില്‍) പ്രതിബദ്ധതയും (പൊളിറ്റിക്കല്‍ കമിറ്റ്‌മെന്റ്) പ്രകടിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയും യു.എന്‍. ജനറല്‍ അസംബ്ലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഇച്ഛാശക്തിയുടെ ഒരു മികച്ച ഉദാഹരണമാണ് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു.

കേരളത്തിന് ഇത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നു എന്നതിന്റെ അടയാളമായി കൂടി ഇതിനെ കാണുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. ഇതോടൊപ്പം എഎംആര്‍ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം ശക്തമായ നടപടികളും സ്വീകരിച്ചു വരുന്നു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല.

ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി. ആന്റീബയോട്ടിക്കുകള്‍ തിരിച്ചറിയാനായി നീലക്കവറില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും ഫാര്‍മസികളും ഇത് നടപ്പിലാക്കണം. കൂടുതല്‍ ആശുപത്രികളെ ആന്റീബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 5 ലക്ഷത്തോളം വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി അവബോധം നല്‍കി. ദ്വിതീയ തലത്തിലേയും പ്രാഥമിക തലത്തിലേയും എഎംആര്‍ സര്‍വൈലന്‍സ് നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടപ്പിലാക്കിയ എന്‍പ്രൗഡ് സംസ്ഥാന വ്യാപകമാക്കുന്നതാണ്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് എല്ലാ ജില്ലകളിലും എഎംആര്‍ ലാബുകള്‍ സ്ഥാപിക്കാനായി. ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ഡിസംബറോടെ കേരളത്തെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളെല്ലാം ക്രോഡീകരിച്ച് ഒരു ആര്‍ട്ടിക്കിള്‍ പ്രമുഖ അന്താരാഷ്ട്ര ജേണലില്‍ വരുന്നത് സംസ്ഥാനത്തിന് അഭിമാന നിമിഷമാണ്.

 

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത