തിരുവനന്തപുരം: സമൂഹത്തില്‍ വലിയതോതില്‍ കൊവിഡ് വ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ഇരട്ടിയാകാൻ ആകാനെടുക്കുന്ന സമയം 10 ദിവസത്തിനും താഴെയായി. വ്യാപനം തടയാൻ പരമാവധി പരിശോധന നടത്തി രോഗികളെ മാറ്റിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രതിരോധത്തില്‍ കയ്യടി നേടിയ കേരള മോഡൽ രണ്ടാം തരംഗത്തിൽ അടിപതറുകയാണെന്ന വിമർശനം ഇതിനകം ഉയർന്നുകഴിഞ്ഞു. എത്ര അധികം പേരെ പരിശോധിക്കുന്നുവോ അത്രയും കൂടുതല്‍പേര്‍ക്ക് രോഗം എന്നതാണ് സംസ്ഥാനത്തെ അവസ്ഥ. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം പടര്‍ന്നിരുന്ന ആര്‍ നോട്ട് ഇപ്പോൾ ശരാശരി നാലായി എന്നതും ആശങ്ക ശക്തമാക്കുന്നു.
തുടക്കം മുതല്‍ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ട പരമാവധി പരിശോധമ എന്ന തന്ത്രം ഏറ്റവും ഒടുവില്‍ പുറത്തെടുത്ത സര്‍ക്കാര്‍ അക്ഷരാർത്ഥത്തിൽ ഞെട്ടുന്ന ഫലമാണ് പുറത്തുവരുന്നത്. ഒരു ലക്ഷം പേരെ പരിശോധിച്ചാൽ 15000നും മുകളില്‍ രോഗികള്‍ . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നേയില്ല. രോഗികളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടിയേക്കാം. ഇപ്പോൾ തന്നെ മിക്ക ആശുപത്രികളിലും ഐസിയു കിടക്കകളില്ലാത്ത സാഹചര്യമാണ് . ഗുരുതരാവസ്ഥയില്‍ കൂടുല്‍ രോഗികളെത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു.
ജനിതക മാറ്റം വന്ന വൈറസാണ് രോഗ വ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാലും ചികില്‍സയിലും പ്രതിരോധത്തിലും വലയി മാറ്റമൊന്നും വരുത്താനില്ലെന്നതാണ് യാഥാർഥ്യം. രോഗം പെട്ടെന്ന് ബാധിക്കാനിടയുള്ള വിഭാഗങ്ങളെ പരമാവധി വേഗത്തിനുള്ളിൽ വാക്സിൻ എടുപ്പിച്ച് പരമാവധി പ്രതിരോധത്തിലേക്കെക്കാമെന്ന് കരുതിയാൻ വാക്സീൻ ക്ഷാമം തിരിച്ചടിയാണ് . അതീവ ഗുരുതരവാസ്ഥയിലാകുന്ന രോഗികള്‍ക്ക് നല്‍കുന്ന റെംഡിസിവിര്‍ ഉൾപ്പെടെ മരുന്നുകൾക്കുള്ള ക്ഷാമവും ഉണ്ട് കേരളത്തില്‍. എന്നാല്‍ വലിയ തോതില്‍ ഗുരുതര രോഗികള്‍ കൂടിയാല്‍ നല്‍കാനുള്ള ഓക്സിജൻ സ്റ്റോക്കുണ്ടെന്നത് ആശ്വാസമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam