
തിരുവനന്തപുരം: സനുമോഹന്‍റെ ഫ്ലാറ്റില്‍ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കിട്ടി. അതേസമയം പിതാവ് സനുമോഹനെ തെളിവെടുപ്പിനായി കൊയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. കൊച്ചിയിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കിയാണ് സനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. കോയമ്പത്തൂരിലേക്ക് കടക്കുന്നതിന് മുൻപ് വാളയാർ ടോൾ പ്ലാസയിലും പാലക്കാട്ടെ ചില കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തി. സനുമോഹന് ഒളിവിൽ പോവാൻ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് കണ്ടെത്താനായിരുന്നു ഇത്.
കോയമ്പത്തൂരില്‍ വെച്ച് വിറ്റ സനുമോഹന്‍റെ വാഹനം പ്രതിയുടെ സാന്നിധ്യത്തിൽ അന്വേഷണസംഘം പരിശോധിക്കും. കോയമ്പത്തൂരിലെ തെളിവെടുപ്പുകൾ പൂർത്തിയാക്കി സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന ഗോവയിലും മൂകാംബികയിലും അന്വേഷണ സംഘം പോകും. ഇവിടങ്ങളിൽ വെച്ച് മൂന്ന് തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സനുമോഹൻ വെളിപ്പെടുത്തിയിരുന്നു. ഗോവയിലെ ഉൾകടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് വന്ന് രക്ഷപെടുത്തിയെന്ന സനുമോഹൻ പറഞ്ഞ കഥകൾ സത്യമാണോയെന്ന് പരിശോധിക്കും. സനുമോഹനെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന അതത് സംസ്ഥാനങ്ങളിലെ പൊലീസിനോട് അന്വേഷണം സംഘം സഹായം തേടിയിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കി കൊച്ചിയിൽ തിരികെയെത്തിയാൽ ഭാര്യയെ ഒപ്പം നിർത്തി സനുമോഹനെ വീണ്ടും ചോദ്യം ചെയ്യും. 10 ദിവസത്തെ കസ്റ്റഡി കാലാവധിക്കുള്ളിൽ കേസിലെ എല്ലാ ദുരൂഹതകളും നീക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam