
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വൈകും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. പുതിയ പദ്ധതി നടപ്പാക്കും വരെ ആര്‍എസ്ബിവൈ അടക്കം പഴയ പദ്ധതികള്‍ തുടരാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയും സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷയും സംയോജിപ്പിച്ചു നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഇന്നു മുതലാണ് തുടങ്ങാനിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പദ്ധതി നടപ്പാക്കാൻ പറ്റാത്ത അവസ്ഥയിലായി സര്‍ക്കാര്‍. അതേസമയം നിലവിലുള്ള ആര്‍ എസ് ബി വൈ കാര്‍ഡിന്‍റെ അടക്കം വിവിധ സൗജന്യ ചികില്‍സ പദ്ധതികളുടെ കാലാവധി ഇന്നലെയോടെ അവസാനിക്കുകയും ചെയ്തു.
ഇതോടെ സർക്കാര്‍ സ്വകാര്യ മേഖലയില്‍ സൗജന്യ ചികില്‍സ തേടിയെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള സാധ്യത ഏറി. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാർ ഇടപെടൽ. കാലാവധി കഴിഞ്ഞതാണെങ്കിലും ആര്‍ എസ് ബി വൈ കാര്‍ഡ് ഉപയോഗിക്കാം. ചെലവാകുന്ന പണം പുതിയ ഇൻഷുറൻസ് പദ്ധതിയില്‍ നിന്നു തന്നെ ആശുപത്രികള്‍ക്ക് ലഭ്യമാക്കും.
ഇക്കാര്യത്തില്‍ ആശുപത്രികളുമായി സംസാരിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. പുതിയ പദ്ധതി തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചതായതിനാല്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ചിട്ടുണ്ട്. 1671 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് 41 ലക്ഷം പേര്‍ക്ക് ലഭിക്കുന്നതാണ് പുതിയ പദ്ധതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam