ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു; വാക്സീനേഷൻ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

By Web TeamFirst Published Jan 15, 2021, 7:38 PM IST
Highlights

വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്‌സീനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്‌സീന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ

തിരുവനന്തപുരം: കൊവിഡ് വാക്‌സീനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കൊവിഡ് വാക്‌സീനേഷനായി എല്ലാ ജില്ലകളും തയ്യാറാണെന്ന് യോഗം വിലയിരുത്തി.

വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാക്‌സീനേഷന്‍ കേന്ദ്രങ്ങില്‍ വാക്‌സീന്‍ എടുക്കാന്‍ വരുന്നവരും ഉദ്യോഗസ്ഥരും മറ്റുള്ള എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. 

വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്‌സീനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്‌സീന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളില്‍ വാക്‌സീനേഷന്‍ ബോധവത്ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. വാക്‌സീനേഷന്‍ ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണം. വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അപ്പപ്പോള്‍ വിലയിരുത്തി പരിഹരിച്ച് വാക്‌സീനേഷന്‍ പ്രക്രിയ സുഗമമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

click me!