
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍, കേരള തീരത്ത് കാറ്റിന്‍റെ വേഗം 50 കി.മി. വരെയാകാനും തിരമാലകള്‍ 4 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. വലിയ അണക്കെട്ടുകളായ ഇടമലയാർ, ഇടുക്കി ഡാമുകളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചെറിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യത്തിൽ വെള്ളം ഒഴുക്കിവിടുന്നത് തുടരും. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂർ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.
മഴ കുറഞ്ഞതോടെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നുണ്ട്. എറണാകുളം ജില്ലയിലെ ചെറിയ ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ തുറന്നിട്ടുണ്ട്. ആലപ്പുഴയില്‍ കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. കുട്ടനാട്ടിലെ ജലനിരപ്പ് നേരിയ രീതിയിൽ താഴ്ന്നെങ്കിലും മട വീഴ്ച മൂലം വീടുകളിൽ കയറിയ വെള്ളം ഒഴിയുന്നില്ല. വീടുകളിലെ വെള്ളം ഇറങ്ങി പോകാൻ ദിവസങ്ങൾ എടുക്കും. കോട്ടയത്തെ നദികളിലെ നീരൊഴുക്ക് കുറയാത്തതിനാൽ വെള്ളം ഇറങ്ങുന്നത് സാവധാനത്തിലാണ്. ജില്ലയിലെ പ്രധാന നദികളിൽ ജലനിരപ്പ് ഇപ്പോൾ ഉയരുന്നില്ല.
കോട്ടയം ജില്ലയിലും മഴ ഇല്ല. പുലർച്ചെ ചില സ്ഥലങ്ങളിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു. മഴ കുറഞ്ഞതോടെ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങിതുടങ്ങി. നദികളിലെ നീരൊഴുക്ക് കുറയാത്തതിനാല്‍ വെള്ളം ഇറങ്ങുന്നത് സാവധാനത്തിലാണ്. പാലായിൽ ജലനിരപ്പ് മുന്നറിപ്പ് നൽകേണ്ടതിൽ നിന്നും 60 സെന്റിമീറ്റർ താഴെയാണ്. ജില്ലയിൽ 229 ക്യാമ്പുകളിലായി 6621 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കോട്ടയം - കുമരകം, ആലപ്പുഴ - ചങ്ങനാശ്ശേരി, വൈക്കം - തലയോലപ്പറമ്പ് തുടങ്ങിയ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴക്കെടുതിയിൽ 46.6കോടി രൂപയുടെ നാശ നഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam