രാജമലയില്‍ തിരച്ചില്‍ തുടരും; തിങ്കളാഴ്ച കണ്ടെത്തിയത് ആറ് മൃതദേഹങ്ങള്‍, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

Published : Aug 10, 2020, 10:50 PM ISTUpdated : Aug 11, 2020, 12:16 AM IST
രാജമലയില്‍ തിരച്ചില്‍ തുടരും; തിങ്കളാഴ്ച കണ്ടെത്തിയത് ആറ് മൃതദേഹങ്ങള്‍, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു

Synopsis

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. തിങ്കളാഴ്ച  4 ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഇടുക്കി: രാജമലയിൽ  ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ചൊവ്വാഴ്‍ച്ചയും തുടരും. തിങ്കളാഴ്‍ച്ച നടത്തിയ തിരച്ചിലില്‍ മൂന്ന് കുട്ടികൾ അടക്കം ആറുപേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ  49 ആയി. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. വീടുകൾ സമീപത്തെ പുഴയിലേക്ക് ഒലിച്ച് പോയതിനാൽ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ചൊവ്വാഴ്‍ച്ചയും തുടരും. പുഴയിൽ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാഭരണകൂടം അറിയിച്ചു. കൊവിഡ് ഭീതി ഉള്ളതിനാൽ കർശന ജാഗ്രത പാലിച്ചാണ് തിരച്ചിൽ നടക്കുന്നത്. 

അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്. തിങ്കളാഴ്ച  4 ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളില്‍  മഴ മുന്നറിയിപ്പ് ഇല്ല. കേരള തീരത്ത് കാറ്റിന്‍റേ വേഗം 50 കി.മി. വരെയാകാനും തിരമാലകള്‍ നാല് മിറ്റര്‍ വരെ ഉയരാനും  സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ജലനിരപ്പ് കുറഞ്ഞതോടെ ആലപ്പുഴ ജില്ലയിൽ  കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ആശങ്ക ഒഴിയുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം വൈകാതെ ഇറങ്ങും എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കണക്കുകൂട്ടൽ. കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞിട്ടുണ്ട്. അതേസമയം മടവീഴ്ചയെ തുടർന്ന് കുട്ടനാടൻ മേഖലയിൽ വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ ദിവസങ്ങളെടുക്കും. നദികളിലെ ജലനിരപ്പ് താഴ്ന്ന ശേഷം പാടശേഖരങ്ങളുടെ തകർന്ന പുറം ബണ്ട് പുനർ നിർമ്മിക്കണം. അതിനുശേഷം വെള്ളം പമ്പ് ചെയ്ത് കളഞ്ഞാൽ  മാത്രമേ വീടുകളിൽ നിന്നും വെള്ളം ഇറങ്ങു. 

ജില്ലയിൽ 90 ക്യാമ്പുകളിലായി അയ്യായിരത്തിലധികം ആളുകൾ ഉണ്ട്.  കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കൂടുതൽ ആളുകളും ബന്ധുവീടുകളിലേക്ക് ആണ് മാറിയത്. ഗതാഗത തടസ്സം നേരിടുന്ന എസി റോഡിലും അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലും രണ്ടുദിവസത്തിനുള്ളിൽ വെള്ളക്കെട്ട് ഒഴിയും എന്നാണ് കണക്കുകൂട്ടൽ. 

മഴ കുറഞ്ഞതോടെ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങിതുടങ്ങി. നദികളിലെ നീരൊഴുക്ക് കുറയാത്തതിനാല്‍ വെള്ളം ഇറങ്ങുന്നത് സാവധാനത്തിലാണ്. ജില്ലയിലെ പ്രധാന നദികളിൽ ജലനിരപ്പ് ഇപ്പോൾ ഉയരുന്നില്ല. കോട്ടയം നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളില്‍ അടക്കം നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 

ജില്ലയിൽ 229 ക്യാമ്പുകളിലായി 6621 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കോട്ടയം - കുമരകം,  ആലപ്പുഴ - ചങ്ങനാശ്ശേരി,  വൈക്കം - തലയോലപ്പറമ്പ് തുടങ്ങിയ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ജില്ലയിൽ 2 വീടുകള്‍ പൂര്‍ണ്ണമായും 107 വീടുകള്‍ ഭാഗികമായും തകർന്നു.  46.6കോടി രൂപയുടെ നാശ നഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്. മഴ മാറിനിന്നാൽ മൂന്നു ദിവസത്തിനുള്ളിൽ വെള്ളം ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം
മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം കാല്‍ നൂറ്റാണ്ടിനുശേഷം; ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ച് വൈഷ്ണ സുരേഷ്, 'ഇത് ജനാധിപത്യത്തിന്‍റെ വിജയം'