പ്രത്യുത്പാദനശേഷിയുള്ളത് കോടതിപരിഗണിച്ചു, കൃത്രിമ ഗർഭധാരണത്തിന് അണ്ഡം സൂക്ഷിക്കാൻ തിരുവനന്തപുരം സ്വദേശിയായ ട്രാൻസ് പുരുഷന് അനുമതി

Published : May 17, 2026, 11:02 AM IST
kerala high court

Synopsis

സ്വന്തം ലിംഗസ്വത്വം ട്രാൻസ്ജെൻഡർ പുരുഷനായി തിരഞ്ഞെടുത്തതിന്റെ പേരിൽ പ്രത്യുത്പാദനാവകാശം നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ ട്രാൻസ്ജെൻഡർ പുരുഷന് ഹൈക്കോടതി അനുമതി നൽകി. ജന്മനാ സ്ത്രീയായിരുന്ന 28കാരന് ഇപ്പോഴും സ്ത്രീ എന്ന നിലയിൽ പ്രത്യുത്പാദനശേഷിയുള്ളത് പരിഗണിച്ചാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവ് പുറപ്പെടുവിച്ചത്. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) നിയമത്തിലും ചട്ടങ്ങളിലും ദമ്പതികൾക്കും വിവാഹിതരല്ലാത്ത സ്ത്രീകൾക്കും മാത്രമാണ് കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതിയുള്ളത്. ഹർജിക്കാരന് തന്റെ സ്വത്വം ട്രാൻസ്ജെൻഡർ പുരുഷനെന്നായി മാറ്റിയതിനെ തുടർന്ന് ട്രാൻസ്ജെൻഡർ പുരുഷൻ എന്ന സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

തുടർന്ന് ഹോർമോൺ ചികിത്സ ആരംഭിക്കുകയും ശസ്ത്രക്രിയയിലൂടെ മാറിടം നീക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അണ്ഡം സൂക്ഷിക്കുന്നതിനായി എആർടി ക്ലിനിക്കിനെ സമീപിച്ചത്. എന്നാൽ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് ക്ലിനിക്ക് അനുമതി നിഷേധിച്ചു. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഹർജിയെ എതിർത്തു. എന്നാൽ ഹർജിക്കാരന് ഇപ്പോഴും ഗർഭപാത്രം ഉൾപ്പെടെ സ്ത്രീ എന്ന നിലയിലുള്ള എല്ലാ പ്രത്യുത്പാദന അവയവങ്ങളും നിലനിൽക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ജീവശാസ്ത്രപരമായ ലൈംഗികതയും (സെക്സ്) ലിംഗസ്വത്വവും (ജെൻഡർ) വ്യത്യസ്തമാണെന്നും എആർടി നിയമപ്രകാരം ജൈവശാസ്ത്രപരമായി സ്ത്രീ ആണോ എന്നത് മാത്രമാണ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

സ്വന്തം ലിംഗസ്വത്വം ട്രാൻസ്ജെൻഡർ പുരുഷനായി തിരഞ്ഞെടുത്തതിന്റെ പേരിൽ പ്രത്യുത്പാദനാവകാശം നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. തുടർന്നാണ് ഹർജിക്കാരന് അണ്ഡം സൂക്ഷിക്കാൻ അനുമതി നൽകിയത്. ഇതിനായി ഏതെങ്കിലും എആർടി ബാങ്കിനെ സമീപിക്കാനും കോടതി നിർദേശിച്ചു. അതേസമയം, എആർടി നിയമത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരിൽ അണ്ഡം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ച് ബോധവത്കരണം അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി ആരോഗ്യവകുപ്പ് മാന്വൽ തയ്യാറാക്കുന്നതും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ; 'നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി'
മുസ്ലീം ലീഗിലെ മന്ത്രിമാർ മാറിയേക്കും; പാറക്കൽ അബ്ദുള്ള മന്ത്രിയായേക്കില്ല, പി കെ ബഷീറിന് സാധ്യത