'റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ രാജിവെച്ച് പോകണം'; ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

By Web TeamFirst Published Nov 25, 2021, 2:53 PM IST
Highlights

റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്‍റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് പരാമര്‍ശം.

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചത്. റോഡ് പണ നേരാംവണ്ണം ചെയ്യാനറിയില്ലെങ്കിൽ  എഞ്ചിനീയര്‍മാര്‍ രാജിവച്ച് പോകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍  പറഞ്ഞു. റോഡുകൾ മികച്ചതായിരിക്കണ്ടത് പൊതുജനത്തിന്‍റെ ആവശ്യമാണ്.  റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ കൊച്ചിയിലേതടക്കമുള്ള  റോഡുകള്‍ മാസങ്ങള്‍ക്കകം പഴയപടിയായെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനമില്ലെന്ന കൊച്ചി കോര്‍പറേഷന്‍റെ ന്യായീകരണത്തെയും കോടതി വിമര്‍ശിച്ചു. ഇത്തരം ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ മറ്റ് റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിമാരോട് ആവശ്യപ്പെട്ട കോടതി  റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന്  വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും നിർദ്ദേശം നൽകി.

click me!