Shahida Kamal : സർട്ടിഫിക്കറ്റുകൾ എവിടെ? സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ ഹാജരാക്കൂ', ഷാഹിദ കമാലിനോട് ലോകായുക്ത

By Web TeamFirst Published Nov 25, 2021, 2:19 PM IST
Highlights

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. ഇതോടെ സത്യസന്ധത ബോധ്യപ്പെടണമങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചു. . 

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെതിരായ (Shahida Kamal) വ്യാജ വിദ്യാഭ്യാസ യോഗ്യത (Fake doctorate)സംബന്ധിച്ച പരാതിയിൽ ചോദ്യങ്ങളുയർത്തി ലോകായുക്ത. ഡോക്ടറേറ്റ് കസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നാണെങ്കിൽ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെയറിഞ്ഞുവെന്ന്  കോടതി ചോദിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും ലോകായുക്ത നിർദ്ദേശം നൽകി. 

വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്. ഇതോടെ സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചു.

ഷാഹിദ കമാലിന്റെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു. യൂണിവേഴ്സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാർശ ചെയ്തതുവെന്നായിരുന്നു ഇതിന് ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടു. 

'വിദ്യാഭ്യാസ യോഗ്യത കള്ളമെന്ന് വ്യക്തമായി', ഷാഹിദാ കമാൽ രാജിവെക്കണമെന്ന് പരാതിക്കാരി അഖിലാ ഖാൻ

അതേ സമയം ഷാഹിദയുടെ യോഗ്യതയിൽ സർക്കാരും മലക്കം മറിയുകയാണ്. ഷാഹിദക്ക് വിയറ്റ്നാം സർവ്വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഷാഹിദക്ക് വിയറ്റ്നാം സർവ്വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്ന് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് ലോകായുക്തക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ഷാഹിദ കമാലിന് കസാക്കിസ്ഥാൻ  ഓപ്പൺ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചതെന്നും സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. 

'ഡോക്ടറേറ്റ് നേടിയത് കസാക്കിസ്ഥാൻ ഓപ്പണ് യൂണിവേഴ്സിറ്റിയിൽ നിന്ന്' : വിചിത്രവാദങ്ങളുമായി ഷാഹിദ കമാൽ

click me!