
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. ഇന്ന് തന്നെ ഇദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് കരുതുന്നത്.
മദ്യം കണ്ടെത്തിയ വീട് വായ്പ കുടിശ്ശിക കാരണം 'സർഫാസി' നിയമപ്രകാരം ബാങ്ക് പിടിച്ചെടുത്ത് വിറ്റതാണെന്ന് ആൻ്റോ കോടതിയിൽ വാദിച്ചു. വീടിന് ഇപ്പോൾ ഉടമസ്ഥാവകാശ ബന്ധമില്ലെന്നും അവിടെനിന്ന് മദ്യം പിടിച്ചതിന് താൻ ഉത്തരവാദിയല്ലെന്നുമായിരുന്നു വാദം. രേഖകൾ പ്രകാരം കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആൻ്റോയുടെ പേരിൽ എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി, ജല ബില്ലുകൾ വരുന്നതും ആന്റോയുടെ പേരിലാണെന്നും അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂഷൻ കുറ്റപ്പെടുത്തി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും കുറിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായതിനാൽ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് നിർദേശം നൽകിക്കൊണ്ടാണ് കോടതി ആൻ്റോയ്ക്ക് കേസിൽ ജാമ്യം അനുവദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam