Latest Videos

സംസ്ഥാനത്തേക്ക് മടങ്ങുന്നവർ സർക്കാർ നിർദ്ദേശം പാലിച്ചേ മതിയാകൂ: ഹൈക്കോടതി

By Web TeamFirst Published May 10, 2020, 12:43 PM IST
Highlights

പാസില്ലാതെ വരുന്നവരെ അതിർത്തി കടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സർക്കാർ വാദം. സർക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നാണ് ഹർജിക്കാരുടെ വാദം

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്ന് ഹൈക്കോടതി. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ഇപ്പോൾ വാളയാർ അതിർത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കാൻ ഉത്തരവിടുമെന്നും വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാവൂ. ആളുകൾ സഹകരിക്കണം. പാസ് എടുക്കുന്ന കാര്യം വിവേകത്തോടെയുള്ള തീരുമാനം. ആരെങ്കിലും ചെക്ക് പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവരുടെ കാര്യം പ്രത്യേകം പരിഗണിക്കാൻ ഉത്തരവിടും. സർക്കാർ ആർക്കും എതിരില്ല. കോയമ്പത്തൂരിലുള്ള ഗർഭിണികൾ, കുട്ടികൾ, പ്രായമായ ആളുകൾ എന്നിവർക്ക് മുൻഗണന നൽകി തിരിച്ചെത്തിക്കണം. പാസ് ഇല്ലാതെ വരുന്നവർക്ക് ഇത് ഒരു അവസരമായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. കേരള സർകാർ നിഷ്‌കർക്കുന്ന കാര്യങ്ങൾ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്ക് മുൻഗണന നൽകാനാവില്ലെന്നും കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പ്രായമായവര്‍ ഗര്‍ഭിണികള്‍ അടക്കം അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചു. മനുഷ്യത്വപരമായ സമീപനമല്ല സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 500 പേര്‍ക്കിരിക്കാവുന്ന പന്തൽ തയ്യാറാക്കുമെന്നും അവിടെ ആഹാരവും വെള്ളവും നൽകുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. സിസ്റ്റം ഡൗണായത് കൊണ്ടാണ് പാസ് നൽകാത്തതെന്ന വാദം ശരിയല്ല. മാലിദ്വീപിൽ നിന്ന് ആളുകളെ കൊണ്ടുവന്നിട്ടും അയൽ സംസ്ഥാനങ്ങളിലുള്ളവരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ല. വാളയാറിൽ എത്തിയവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിച്ചു. തമിഴ്‍നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും നിർബന്ധിതമായി പോരേണ്ടി വന്നവരാണ് ഇവർ. അവർക്ക് പോകാൻ വേറെ സ്ഥലം ഇല്ല. ഇവരോട് തിരികെ പോകാൻ പറയുന്നതു മനുഷ്യത്വപരമല്ല. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നായിരുന്നു സര്‍ക്കാറിന്റെ മറുവാദം. നിയന്ത്രിതമായ വിധത്തിൽ അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത് ഏപ്രിൽ 29 നാണ്. ജില്ലാ കളക്ടർമാരാണ് ജില്ലകളിൽ അനുവാദം നൽകേണ്ടത്. എന്നാൽ പഞ്ചായത്തുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടോ എന്ന് വിലയിരുത്തി അവരുടെ അനുമതിയോടെ മാത്രമെ കളക്ടര്‍ പാസിന്റെ കാര്യത്തിൽ തീരുമാനം എടുക്കു. നല്ല നിലയിൽ ആളുകളെ തിരിച്ചെത്തിക്കാനാണ് പാസ് അനുവദിക്കാൻ തീരുമാനിച്ചത്. ചെക്പോസ്റ്റുകളിൽ തിരക്ക് കൂടുതലാണ്. നാല് കൗണ്ടറുകളുള്ള വാളയാറിൽ പത്താക്കേണ്ട അവസ്ഥയാണ് ഉള്ളത്. പത്ത് മണിക്കൂർ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യമാണ്. ഇങ്ങനെ ആളുകൾ കൂട്ടത്തോടെ വന്നാൽ നിരീക്ഷണ സംവിധാനങ്ങളാകെ താളം തെറ്റുമെന്നും സര്‍ക്കാര്‍ വാദിച്ചു. 

റെഡ് സോണിൽ നിന്നാണോ വരുന്നതെന്ന് മനസ്സിലാക്കാൻ വേണ്ടി കൂടിയാണ് പാസ് നൽകുന്നത്. എല്ലാ മാധ്യമങ്ങളിലൂടെയും എല്ലാവർക്കും ഈ വിവരങ്ങൾ നൽകിയതാണ്. സുപ്രീം കോടതി വിധി പ്രകാരം, ഭരണകൂടത്തിന്റെ നടപടിക്രമങ്ങളിൽ കോടതികൾ ഇടപെടുന്നത് പരമാവധി കുറയ്ക്കേണ്ടതാണ്. നിരീക്ഷണം കുറഞ്ഞാൽ സംസ്ഥാനത്ത് കാര്യങ്ങൾ കൈവിട്ട് പോകുന്ന സാഹചര്യമാണ്. പാസ് ഇല്ലാതെ ആരും വരരുത്. പാസ്സ് ഇല്ലാതെ വരുന്നവരെ സംസ്ഥാനത്തേക്ക് കയറ്റാനാവില്ല.  ഇന്ന് മുതൽ ഇങ്ങിനെ വരുന്നവർക്ക് താമസം പോലും നൽകാൻ കഴിയില്ല. ഇതുവരെ വന്നവർക്ക് നൽകും.വാളയാറിൽ മാത്രമേ ഇപ്പോഴും പ്രശ്നങ്ങൾ ഉള്ളൂ. കോയമ്പത്തൂർ ജില്ല ഭരണകൂടം അവർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ട്. ഇപ്പൊൾ വാളയാറിൽ കുടുങ്ങിക്കിടക്കുന്നവരെ മാത്രം സഹായിക്കാനാണ് ഹർജിയെന്ന് കോടതി പറഞ്ഞു. കോയമ്പത്തൂരിൽ ഇപ്പൊൾ കുടങ്ങി കിടന്നവർക്ക് പാസ് കിട്ടിയാൽ ഉടൻ കേരളത്തിൽ വരാമെന്ന് സർക്കാർ പറഞ്ഞു. 

ഒരു ദിവസം ആയിരം പേർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂവെന്ന് സർക്കാർ പറഞ്ഞു. യാത്ര പുറപ്പെടുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള പാസും ആവശ്യമാണ്. തിരിച്ചുവരുന്ന പലർക്കും പുറപ്പെടുന്ന ജില്ലകളിലെ കളക്ടർമാരുടെ അനുമതിയില്ല. പാസുള്ളവർക്ക് എല്ലാ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ഇത് പാസുള്ളവർക്ക് മാത്രമേ നൽകാൻ സാധിക്കൂ. 59000 പേർക്ക് ഇതുവരെ പാസ് നൽകി. ഒരു ലക്ഷത്തിന് മുകളിൽ അപേക്ഷകൾ വന്നിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

click me!