
കൊച്ചി: ദേശീയ പണിമുടക്കിന്റെ (National Strike) ഭാഗമായി ഭാരത് പെട്രോളിയത്തിൽ (Bharat Petroleum) തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിഐടിയു, ഐഎൻടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവയെല്ലാം പണിമുടക്ക് ഉണ്ടായാൽ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻലിമിറ്റഡ് അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി ഹർജിക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജസ്റ്റിസ് അമിത് പി റാവൽ വ്യക്തമാക്കി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുത്തരുത് എന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിർദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ മാർച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
അതിനിടെ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനി, ഞായർ അവധി ദിവസങ്ങളാണ്. പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കാണ്. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ അണിനിരക്കുമെന്നതാണ് നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കാനുള്ള കാരണം. അതേ സമയം ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. ബാങ്കിൽ നേരിട്ടെത്തേണ്ട ആവശ്യക്കാർക്കും ഓണ്‍ലൈൻ ഇടപാട് പരിചയമില്ലാത്തവർക്കും ഇത് പ്രതിസന്ധിയാകും. 30, 31 തിയ്യതികളിൽ പ്രവർത്തിച്ചതിന് ശേഷം വാർഷിക കണക്കെടുപ്പായതിനാൽ ഏപ്രിൽ ഒന്നിന് വീണ്ടും അവധിയായിരിക്കും.
ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ മൂന്ന് സംഘടനകൾ സംസ്ഥാനത്ത് പണി മുടക്കുന്നുണ്ട്. ബാങ്ക് സ്വകാര്യ വൽക്കരണം, പുറം കരാർ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വർധിപ്പിക്കുക, കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കിൽ അണിചേരുന്നത്. ദേശസാൽകൃത ബാങ്കുകളുടെയും സഹകരണ ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെടും. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് ഐസിഐസി ബാങ്ക് പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാനിടയില്ല. പ്രധാന സംഘടന പണിമുടക്കിൽ പങ്കെടുക്കാത്തത് കാരണം സ്റ്റേറ്റ് ബാങ്കിന്‍റെ പ്രവർത്തനങ്ങളും തടസപ്പെടില്ലെന്ന് ജീവനക്കാർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam