വിവാദ നീക്കവുമായി സർക്കാർ; സംസ്ഥാനത്തെ സ്വയംഭരണ കോളേജുകൾക്ക് വാരിക്കോരി ഇളവുകൾ; വിമർശിച്ച് പ്രതിപക്ഷ നേതാവ്

Published : Nov 08, 2026, 11:38 AM IST
Roji M John

Synopsis

സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ മൂന്ന് വർഷത്തിലൊരിക്കൽ എൻഒസി പുതുക്കിയാൽ മതിയാകും, കൂടാതെ സ്വാശ്രയ സ്ട്രീമിൽ പുതിയ കോഴ്‌സുകൾക്കും സീറ്റ് വർദ്ധനവിനും സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വർഷാവർഷം അനുമതി പുതുക്കി നൽകുന്ന രീതി അവസാനിപ്പിച്ച് ഇനി മുതൽ മൂന്ന് വർഷത്തിലൊരിക്കൽ എൻഒസി നൽകാൻ തീരുമാനമായി. സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ സ്വാശ്രയ സ്ട്രീമിന് കീഴിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ, സീറ്റ് വർദ്ധനവിനോ സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ ഈ വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. സർക്കാർ തീരുമാനം സ്വയംഭരണ കോളേജുകൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.

സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. സർക്കാർ, എയ്ഡഡ്, ഓട്ടോണോമസ് (എയ്ഡഡ്) കോളേജുകളിൽ എയ്ഡഡ് സ്ട്രീമിന് കീഴിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും നിലവിലെ കോഴ്‌സുകളിൽ സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ അനുമതി വേണം. എന്നാൽ ഇതിനായി സർക്കാർ ഫീസ് ഈടാക്കില്ല. സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ, സ്വയംഭരണ (എയ്ഡഡ്) കോളേജുകളിൽ സ്വാശ്രയ സ്ട്രീമിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ, സീറ്റ് വർദ്ധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ സ്വാശ്രയ രീതിയിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്ന വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കേണ്ടതാണെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

സ്വാശ്രയ കോളേജുകളിൽ നിലവിലുള്ള കോഴ്‌സുകളിലെ സീറ്റ് വർദ്ധനവിന് അതാത് സർവകലാശാലകൾക്കോ റഗുലേറ്ററി അതോറിറ്റിക്കോ തീരുമാനമെടുക്കാം. ഇതിനായി പ്രത്യേകം സർക്കാർ അനുമതി തേടേണ്ടതില്ല. അനുമതി പത്രത്തിനായി ഒരു കോഴ്‌സിന് 650 രൂപ വീതം ചലാൻ ഫീസും (3 വർഷത്തേക്ക്) 810 രൂപ അഫിഡവിറ്റ് ഫീസും (3 വർഷത്തേക്ക്) അടയ്ക്കണമെന്നാണ് പുതിയ ചട്ടം. 2026-27 അധ്യയന വർഷത്തിൽ അനുമതി ലഭിച്ച കോളേജുകൾ 2029-30-ൽ പുതുക്കുമ്പോൾ 2027-28, 2028-29 വർഷങ്ങളിലെ ഫീസ് ഒടുക്കിയാൽ മതിയെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ഓരോ അക്കാദമിക് വർഷത്തിലും പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്‌സുകളുടെയും സീറ്റ് വർദ്ധനവിന്റെയും വിവരങ്ങൾ സർവകലാശാലകൾ സർക്കാരിന് നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. നിലവിലുള്ള നിയമങ്ങളിൽ പ്രതിപാദിക്കാത്ത വിഷയങ്ങൾക്കും, സർവകലാശാല/റഗുലേറ്ററി ബോഡി തീരുമാനങ്ങളിൽ പുനഃപരിശോധനയോ സർക്കാർ ഇടപെടലോ ആവശ്യമുള്ള സാഹചര്യങ്ങളിലും സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം; കോഴിക്കോട് എസ്എംഎ ബാധിതരായ കുട്ടികൾക്കുള്ള സഹായം കുറഞ്ഞു
17കാരൻ്റെ ജാമ്യം റദ്ദാക്കണം; ചേരാനല്ലൂർ അപകടത്തിൽ ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിലേക്ക്