
ആലപ്പുഴ: ഓപ്പറേഷൻ തൂഫാനിൽ ഓൺലൈൻ ഡെലിവറിക്കാർക്കടക്കം കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരിവിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാർ വഴി ലഹരി കടത്തുന്നതായി പരാതിയുണ്ട്. ഈ പരിപാടി ഉടനടി നിർത്തണമെന്നും തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'ഓപ്പറേഷൻ തൂഫാൻ' വഴിയുള്ള കേസുകളിൽ ആരുടെയും ശിപാർശ കേൾക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ആംബുലൻസുകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അവയും കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ബജറ്റിൽ പ്രഖ്യാപിച്ച 'മിഷൻ സമുദ്ര' വെറുമൊരു രൂപരേഖ മാത്രമാണെന്നും ഇപ്പോൾ വന്നത് പൂർണ്ണമായ ബജറ്റ് അല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുമ്പോൾ കൂട്ടായ ചർച്ചകൾ ഉണ്ടാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ചും കരിമണൽ ഖനനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ, പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ഉന്നയിച്ച് എതിർത്തിരുന്നുവെന്നും ഇന്ന് അഴിമതിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകാം സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം ഉൾപ്പെടെയുള്ളവ മന്ത്രിസഭയിൽ ചർച്ച ചെയ്യും.
ഹരിപ്പാട് മെഡിക്കൽ കോളേജ് എന്തായാലും യാഥാർഥ്യമാക്കുമെന്നും പൂർണ്ണമായും സർക്കാർ മെഡിക്കൽ കോളേജ് ആയിരിക്കുമെന്നും ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. മുൻപ് പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ (PPP) മാതൃകയിലാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും മൂന്നും നാലും മെഡിക്കൽ കോളേജുകൾ ഉള്ളപ്പോൾ ആലപ്പുഴയിലെ ജനങ്ങൾക്ക് അസുഖം വന്നാൽ എറണാകുളത്തേക്ക് പോകേണ്ട സ്ഥിതിയാണ്. വണ്ടാനം മെഡിക്കൽ കോളേജിൽ നിലവിൽ താങ്ങാൻ കഴിയാത്തത്ര രോഗികളാണ് വരുന്നത്. ഹരിപ്പാട് ഒരു മെഡിക്കൽ കോളേജ് കൂടി വരുന്നതിനെ ജി. സുധാകരൻ പണ്ടേ എതിർക്കുന്നുണ്ടെന്നും എന്നാൽ വണ്ടാനത്തെ ദുർബലപ്പെടുത്താൻ താനില്ലെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത വർഷം കുട്ടികൾക്ക് പ്രവേശനം നൽകാൻ തക്കവിധം നിർമാണം ഉടൻ ആരംഭിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പുതിയ കെ പി സി സി പ്രസിഡന്റിനെ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനിക്കുക. നിലവിൽ കെ പി സി സിക്ക് മുഴുവൻ സമയ പ്രസിഡന്റ് ഉണ്ടെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. കയർ മേഖലയ്ക്കായി നിലവിൽ 157 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കൂടുതൽ തുക നൽകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിയ തോതിൽ പരിഷ്കരണം ആവശ്യമായ മേഖലയാണിത്. ഇതുമായി ബന്ധപ്പെട്ടവരുമായി ഇതിനകം യോഗം ചേർന്നിട്ടുണ്ട്. ജൂലൈ നാലിന് കയറ്റുമതിക്കാരുമായും യോഗം ചേരും. തൊഴിലാളികളുടെ ശമ്പള വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് വ്യവസായത്തെ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam