തിരുവനന്തപുരത്ത് കാറിന്റെ പിന്നിൽ ബമ്പർ ഗാർഡ് ഘടിപ്പിച്ചതിന് ടാക്സി ഡ്രൈവർക്ക് 5000 രൂപ പിഴ ചുമത്തി. ചെറിയ തോതിലുള്ള ആൾട്രേഷനുകൾ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് താൻ ഇത് ചെയ്തതെന്നും പിഴ തുക അന്യായമാണെന്നും ഡ്രൈവറായ ഷമീർ ഖാലിദ് പറയുന്നു

തിരുവനന്തപുരം: കാറിന്‍റെ പിന്നിൽ ബമ്പര്‍ ഗാര്‍ഡ് വെച്ചതിന് തനിക്ക് 5000 രൂപ പിഴ ലഭിച്ചെന്ന് ടാക്സി ഡ്രൈവർ. ആള്‍ട്രേഷന്‍ കുറച്ചൊക്കെ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് ബമ്പർ ഗാർഡ് ഫിറ്റ് ചെയ്തതെന്ന് ടാക്സി ഡ്രൈവർ ഷമീര്‍ ഖാലിദ് പറയുന്നു. ഫൈന്‍ അടക്കാന്‍ തയ്യാറാണ്. മര്യാദയില്ലാത്ത ഫൈൻ ആയിപ്പോയെന്നും പിഴ കുറച്ചു നല്‍കണമെന്നുമാണ് ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"കുറച്ചൊക്കെ ആൾട്രേഷൻ ആകാമെന്ന വാക്ക് വിശ്വസിച്ചാണ് കാറിന്റെ പിന്നിലൊരു ബമ്പർ ഗാർഡ് ഫിറ്റ്‌ ചെയ്തത്. മുൻപൊന്നും ഇതിന് ഫൈൻ ഉണ്ടായിരുന്നില്ല. പക്ഷേ സർക്കാരിന്റെ ഒളിക്യാമറ സംഘമാണോ അതോ മറ്റാരെങ്കിലും ഫോട്ടോ എടുത്ത് അയച്ചു കൊടുത്താതാണോ എന്നറിയില്ല. 5000 രൂപയാണ് ഫൈൻ വന്നത്. ഒരു മര്യാദ വേണ്ടേ? രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നവരാണല്ലോ ഞങ്ങൾ. എംവിഡിയുടെ ഓഫീസിൽ പോയപ്പോൾ പറഞ്ഞത് ഓണ്‍ലൈൻ വഴി വന്നതു കൊണ്ട് ഒന്നും ചെയ്യാൻ ആവില്ല എന്നാണ്. ഫൈൻ കുറയ്ക്കാനാവില്ല, സമയം നീട്ടി തരാം എന്നാണ് പറഞ്ഞത്. ആൾട്രേഷൻ ചെയ്യാൻ ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ ദയവു ചെയ്ത് ആരുടെയും വാക്ക് കേട്ട് വണ്ടിയിൽ കൂടുതൽ പണിയെടുക്കാൻ പോകണ്ട. ഇപ്പോൾ വണ്ടി എങ്ങനെയാണോ അതുപോലെ കൊണ്ടുനടക്കുന്നത് ആവും ഏറ്റവും നല്ലത്. ഒരിടത്ത് യാത്ര ഫ്രീ കൊടുത്തിട്ടുണ്ടെങ്കിൽ വേറൊരു സ്ഥലത്തു നിന്ന് പിടിച്ചുവാങ്ങും"- എന്നാണ് ഷമീര്‍ ഖാലിദ് വീഡിയോയിൽ പറയുന്നത്.

'ചെറുപ്പക്കാർക്കൊക്കെ വലിയ ആഗ്രഹമല്ലേ' എന്ന തെരഞ്ഞെടുപ്പ് കാലത്തെ വി ഡി സതീശന്‍റെ വാക്കുകളോടെയാണ് വാഹന മോഡിഫിക്കേഷൻ ചർച്ചകൾ സംസ്ഥാനത്ത് സജീവമായത്. അപകടകരമല്ലാത്ത രീതിയിൽ വണ്ടിയിൽ നടത്തുന്ന മോഡിഫിക്കേഷനുകൾ തെറ്റല്ല. അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അല്ലാതെയുള്ള മോഡിഫിക്കേഷൻസ് നടത്തട്ടെ. ചെറുപ്പക്കാർക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ, അതിലെന്താ തെറ്റ് എന്നാണ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ വാഹനങ്ങളിൽ എന്തെല്ലാം മോഡിഫിക്കേഷൻ ആകാമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോർട്ട് മോഡിഫിക്കേഷന് റെഡിയായി നിന്ന് യുവതലമുറയെ നിരാശരാക്കി. സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ഡാഷ് ക്യാം,, മഡ് ഫ്ലാപ്പുകൾ എന്നിവയൊക്കെയാണ് മോഡിഫിക്കേഷനിൽ ഉൾപ്പെടുത്തിയത്. മാത്രമല്ല ഇതിൽപ്പെടാത്ത മോഡിഫിക്കേഷൻ കണ്ടെത്താൻ പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്.