
തിരുവനന്തപുരം : വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഉപകമ്പനിയായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നു സംഘടിപ്പിക്കുന്ന ബയോ കണക്ടിന്റെ മൂന്നാം എഡിഷനിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടിയോളം രൂപയുടെ നിക്ഷേപം. അവെസ്താജെന്‍ ലിമിറ്റഡ്, ത്രിത ബയോടെക്, ലിവിഡസ് ഫാര്‍മ തുടങ്ങിയ കമ്പനികള്‍ ഇതിനോടകം 100 കോടിയോളം രൂപയുടെ നിക്ഷേപസന്നദ്ധത അറിയിച്ചു കഴിഞ്ഞു. കോണ്‍ക്ലേവ് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നിക്ഷേപത്തിന് സന്നദ്ധരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ ഡിവൈസസ്, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നിന്നുള്ള കമ്പനികളാണ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധതയറിച്ച് കൂടുതലും രംഗത്തുവരുന്നത്. തോന്നക്കലിലെ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ 150 ഏക്കറോളം ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും കോണ്‍ക്ലേവിലെ ചര്‍ച്ചകളിലൂടെ ധാരണയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തെ മുന്‍നിര ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പ്രൊവൈഡറായ ജിനോംവാലിയിലെ പ്രമുഖ ക്ലസ്റ്റര്‍ ഡെവലപര്‍ തോന്നക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 3600 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും കോണ്‍ക്ലേവ് വേദിയാകും. എംജി സര്‍വ്വകലാശാലയുമായും കോട്ടയത്തെ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയുമായും സഹകരിച്ച് ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന്റെ ധാരണാപത്രവും കോണ്‍ക്ലേവില്‍ ഒപ്പിടും. ജീവശാസ്ത്ര രംഗത്തെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും നൂതനാശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ ക്ലിപ് ഡിഎന്‍എ എന്നു പേരിട്ടിരിക്കുന്ന ഈ ഇന്‍കുബേഷന്‍ സെന്ററുകള്‍ സഹായകമാകും.
ബയോകണക്ടിനായി എത്തുന്ന 60 കമ്പനികളുടെ പ്രതിനിധികള്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക് സന്ദര്‍ശിക്കും. ഇതിനു ശേഷം വ്യവസായ മന്ത്രി പി.രാജീവുമായി നിക്ഷേപകര്‍ കൂടിക്കാഴ്ച നടത്തും. നാളെ (09-10-2025 വ്യാഴം) ആരംഭിക്കുന്ന ബയോകണക്ട് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്, കേന്ദ്ര ടെക്‌നോളജി ഡവലപ്‌മെന്റ് ബോര്‍ഡ് സെക്രട്ടറി രാജേഷ് കുമാര്‍ പഥക് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സെഷനുകളില്‍ അമേരിക്കയിലെ കേംബ്രിഡ്ജ് ഇന്നോവേഷന്‍ സെന്റര്‍ സ്ഥാപകരിലൊരായ ടിംറോവിനു പുറമേ ജര്‍മ്മനി, കാനഡ, യുകെ, നെതര്‍ലാന്‍ഡ്‌സ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
കേരളത്തിലെ ലൈഫ് സയന്‍സസ് മേഖലയുമായി ബന്ധപ്പെട്ട ബയോ എക്കണോമി റിപ്പോര്‍ട്ട്് മുഖ്യമന്ത്രി പുറത്തിറക്കും. ലൈഫ് സയന്‍സ് മേഖലയിലെ നൂതനാശയങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനത്തിനും ലോഞ്ചിനും ബയോകണക്ട് 3.0 വേദിയാകും. ഒക്ടോബര്‍ 9, 10 തീയതികളില്‍ കോവളം ലീല റാവിസ് ഹോട്ടലിലാണ് ബയോ കണക്ട് ഇന്റര്‍നാഷണല്‍ ലൈഫ് സയന്‍സസ് കോണ്‍ക്ലേവ് ആന്‍ഡ് എക്‌സ്‌പോയുടെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ലൈഫ് സയന്‍സ് വ്യവസായനിക്ഷേപ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സഷ്ടിക്കാന്‍ ഇതിനോടകം ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിന് സാധിച്ചിട്ടുണ്ട്. ബയോ കണക്ടിന്റെ ആദ്യ രണ്ട് എഡിഷനുകള്‍ക്ക് ശേഷം ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ 180 കോടിയുടെ നിക്ഷേപവും 1,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിരുന്നു.